അപകടക്കെണിയൊരുക്കി കാരമൂല അങ്ങാടിയിലെ ട്രാന്‍സ്ഫോര്‍മര്‍
മുക്കം: അപകടക്കെണിയൊരുക്കി കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലെ ട്രാന്‍സ്ഫോര്‍മര്‍. ട്രാന്ഡ്ഫോര്മര് സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ മുകള്‍ ഭാഗം തകര്‍ന്നതോടെ ഹൈ ടെന്‍ഷന്‍ ലൈന്‍ ഏതു സമയത്തും പൊട്ടി വീഴാറായ അവസ്ഥയിലാണുള്ളത്.
കാരമൂല അങ്ങാടിയിലെ അങ്കണവാടിക്ക് സമീപത്തെ ട്രാന്‍സ്ഫോര്‍മറിലാണ് അപകടം പതിയിരിക്കുന്നത്. ട്രാന്‍സ്ഫോര്‍മറുമായി ബന്ധിപ്പിച്ചിട്ടുള്ള ഹൈ ടെന്‍ഷന്‍ വൈദ്യുതകമ്പികള്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പോസ്റ്റുകളുടെ മുകള്ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ലൈനുകള്‍ തൂണുകള്ക്കുള്ളിലെ വളരെ വണ്ണം കുറഞ്ഞ തുരുമ്പെടുത്ത് ദുര്‍ബലമായ കമ്പികളിലാണ് നില്‍ക്കുന്നത്.
കമ്പികള്‍ തകര്‍ന്ന് വീണാല്‍ ട്രാന്‍സ്ഫോര്‍മറിന്റെ മുകളിലേക്കാണ് പതിക്കുക. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന അങ്കണവാടിയുടെ സമീപത്ത് അപകടം പതിയിരുന്നിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന വഴിയിലാണ് ട്രാന്‍സ്ഫോമര്‍ ഉള്ളത് എന്നത് അപകടസാധ്യത പിന്നെയും വര്‍ധിപ്പിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."