'സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത്'- രാഷ്ട്രപതിക്ക് സൈനികരുടെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ഒരു കൂട്ടം സൈനികര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈനികര്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചു. വിരമിച്ച കരസേനവ്യോമസേനനാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 150പേരാണ് രാജ്യത്തിന്റെ സര്‍വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചത്.
'മുതിര്‍ന്ന പൗരന്‍മാരുടെ സംഘം നമ്മുടെ സര്‍വസൈന്യാധിപനെ അറിയിക്കുന്നത്' എന്ന തലക്കെട്ടിലാണ് നിവേദനം തയാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സൈന്യത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'മോദി സേന' എന്നു വിശേഷിപ്പിച്ചതിനെ കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികളുടെ ക്രെഡിറ്റ് കൈവശപ്പെടുത്താനുള്ള നേതാക്കളുടെ നടപടി അസാധാരണവും അംഗീകരിക്കാനാവാത്തതുമാണെന്നും കത്തില്‍ പറയുന്നു.
'ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധ ചില കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. സൈനിക ഓപറേഷനുകളുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദിയുടെ സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നു'- കത്തില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കുന്നതും സൈനികരുടെ ചിത്രം, പ്രത്യേകിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതിനെയും കത്ത് വിമര്‍ശിക്കുന്നു.
പോലുള്ള പ്രവൃത്തികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടും അവസാനമുണ്ടാകുന്നില്ല. പല തരത്തില്‍ ഇവ ആവര്‍ത്തിക്കുകയാണ്. സൈന്യത്തെയോ സൈനിക യൂണിഫോമിനേയോ പ്രതീകങ്ങളേയോ സൈനികരുടെ ചിത്രങ്ങളേയോ രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനോ ഉപയോഗിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അടിയന്തരമായി നിര്‍ദ്ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കരസേനാ മേധാവികളായിരുന്ന എസ് എഫ് റോഡ്രിഗസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍ എന്നിവരും നാവികസേനാ മേധാവികളായിരുന്ന നാലുപേരും വ്യോമസേനാ മേധാവിയായിരുന്ന എന്‍ സി സൂരിയും ഉള്‍പ്പെടെയുള്ളവരാണ് കത്ത് സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."