ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വോട്ടിങ് യന്ത്രത്തില്‍ സജ്ജീകരിക്കുന്നതിനും തപാല്‍ വോട്ടിനുമുള്‍പ്പെടെയുള്ള ബാലറ്റ് പേപ്പറുകള്‍ അതത് എ.ആര്‍.ഒ മാര്‍ക്ക് കലക്ടറേറ്റില്‍ നിന്നു വിതരണം ചെയ്തു.
എല്ലാ പോളിങ് ബൂത്തുകളിലേയ്ക്കും നല്‍കുന്ന വോട്ടിങ് യന്ത്രത്തിന്റെയും വിവി പാറ്റ് സംവിധാനത്തിന്റെയും രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 16, 17, 18 തീയതികളില്‍ നടക്കും. ഇതിനായി ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യാ ലിമിറ്റഡ് കമ്പനിയിലെ 32 എന്‍ജിനീയര്‍മാര്‍ ഇന്ന് ജില്ലയിലെത്തും. ഇടുക്കി മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മുഴുവന്‍ ഉദ്യാഗസ്ഥര്‍ക്കുമായുള്ള രണ്ടു ദിവസത്തെ രണ്ടാം ഘട്ട പരിശീലനവും ഇന്ന് സമാപിക്കും. ഇടുക്കി ജില്ലയിലാകെ 4764 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
22ന് രാവിലെ എട്ടു മുതല്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ വഴി പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
ഓരോ നിയോജക മണ്ഡലത്തിലെയും വിതരണ കേന്ദ്രങ്ങള്‍ യഥാക്രമത്തില്‍
മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗലം എം.എ കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, ദേവികുളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍, ഇടുക്കി എം.ആര്‍.എസ് പൈനാവ്, ഉടുമ്പന്‍ചോല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നെടുങ്കണ്ടം, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കുട്ടിക്കാനം എന്നിവിടങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 23 ന് വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം പോളിങ് സാമഗ്രികള്‍ ഇതേ കേന്ദ്രങ്ങളില്‍ തന്നെ തിരികെ ഏറ്റുവാങ്ങി അന്നുതന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് എം.ആര്‍.എസില്‍ എത്തിച്ച് ജനറല്‍ ഒബ്‌സര്‍വ്വറുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ്ങ് റൂമില്‍ വച്ച് സീല്‍ ചെയ്യും.
ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ 1305 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 60 പ്രശ്‌ന സാധ്യതാ ബൂത്തുകളും അഞ്ച് നിര്‍ണ്ണായക ബൂത്തുകളും ആറ് മാതൃകാ പോളിങ് ബൂത്തുകളുമാണുള്ളത്. ഈ 71 പോളിങ് ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റും ചെയ്യും. പ്രശ്‌ന സാധ്യതാ ബൂത്തുകളും നിര്‍ണ്ണായക ബൂത്തുകളും ഉള്‍പ്പെടുന്ന 65 ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ള മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കായി 16ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കും. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."