മണിയെചൊല്ലി രണ്ടാം ദിനവും സഭ സ്തംഭിച്ചു
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാര്‍ശം നടത്തിയ മന്ത്രി മണിയ്‌ക്കെതിരായ പ്രതിഷേധത്താല്‍ രണ്ടാംദിനവും സഭ സ്തംഭിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ നടപടികള്‍ വെട്ടിച്ചുരുക്കി സഭ നേരത്തെ പിരിഞ്ഞു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി മണിയെ സംരക്ഷിച്ച മുഖ്യമന്ത്രി ഇന്നലേയും നിലപാട് ആവര്‍ത്തിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ നിലപാടാണെന്നും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് വി.ഡി.സതീശന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
മണി പറയാത്ത കാര്യങ്ങളാണ് ആരോപണമായി ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ 17 മിനിറ്റുള്ള പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ എഡിറ്റ് ചെയ്താണ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്നു ആക്ഷേപിക്കുന്നത്. പൂര്‍ണമായ വീഡിയോ പുറത്തുവന്നതോടെ പലനേതാക്കളും നിലപാടില്‍ നിന്നുപിന്‍മാറി. ഇക്കാരണത്താലാണ് പെമ്പിളൈ ഒരുമൈ സമരത്തിന് ജനകീയ പിന്തുണ ലഭിക്കാത്തത്.
സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് ശരിയല്ല. മൂന്നാര്‍ സി.ഐ. ഓഫിസ് ഉപരോധിച്ചതിന് ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരെ പ്രതിയാക്കി കേസെടുത്തു. പൊലിസ് വാഹനം തടഞ്ഞു ജോലി തടസപ്പെടുത്തിയതിനു ഗോമതി, കൗസല്യ, ബാലസുബ്രഹ്മണ്യം എന്നിവരുള്‍പ്പടെ 31 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സമരക്കാര്‍ക്കെതിരേ പൊലിസ് അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നല്‍കിയ പരാതിയിലും അന്വേഷണം നടക്കുന്നു.
ഓഫിസര്‍മാര്‍ സര്‍ക്കാര്‍ പറയുന്നത് നടപ്പാക്കും. അങ്ങനെ ചെയ്യാത്തവര്‍ അവിടെ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പെമ്പിളൈ ഒരുമൈ സമരത്തെ പൊളിക്കാന്‍ പൊലിസും സി.പി.എമ്മും സമ്മര്‍ദവും ഭീഷണിയും നടത്തുകയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
നാലുസ്ത്രീകളാണ് സമരം നടത്തുന്നതെന്നാണ് പറയുന്നത്. ആ സമരത്തെ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. വാക്കുകളിലേയും പ്രവൃത്തിയിലേയും സ്ത്രീവിരുദ്ധതയാണ് പ്രശ്‌നം. മുഖ്യനും വൈദ്യുതി മന്ത്രിയും ഒരുവശത്തും, റവന്യുമന്ത്രിയും പാര്‍ട്ടിയും മറുവശത്തും നിലയുറപ്പിച്ചതോടെ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മണിയുടേത് ഗ്രാമീണ ഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണ്. മാന്യനായ മുഖ്യമന്ത്രി തനിക്കുപറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയാനാണോ മണിയെ ഉപയോഗിക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.
സി.പി.എം ഡല്‍ഹിയില്‍ സമരം നടത്തുന്നത് 10 പേരെ വച്ചാണ്. നാലുപേരുടെ സമരമെന്ന് പറഞ്ഞു സമരത്തെ ആക്ഷേപിക്കുന്ന സര്‍ക്കാര്‍ 31 പേര്‍ക്കെതിരേ കേസെടുത്തത് വിരോധാഭാസമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്ത്രീകളെ ആക്ഷേപിച്ച മണിക്ക് ശാസനയെങ്കിലും നല്‍കാന്‍ മുഖ്യമന്ത്രി തയാറാവണമായിരുന്നു.
മണിയുടെ രാജിവാങ്ങാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. തുടര്‍ന്ന് ബാനറുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷം മണിക്കെതിരേ മുദ്രാവാക്യവുമായി പ്രതിഷേധിച്ചതോടെ നടപടികള്‍ വേഗത്തിലാക്കി സഭ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."