ബട്‌ലര്‍ മിന്നി
മുംബൈ: മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഹോംഗ്രൗണ്ടില്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍. തുടര്‍ പരാജയങ്ങള്‍ക്ക് വിരാമമിട്ട രാജസ്ഥാന്‍ മുംബൈയെ നാലു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു രാജസ്ഥാന്റെ വിജയം. ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചെങ്കിലും മൂന്ന് പന്ത് ബാക്കി നിര്‍ത്തി രാജസ്ഥാന്‍ വിജയത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്തും ഡികോക്കും 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത്ത് 47 (32)ഉം ഡികോക്ക് 81 (52)ഉം റണ്‍സെടുത്തു. ആറ് ബൗണ്ടറിയും നാലു സിക്‌സറുമടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്‌സ്. ഇരുവരെയും ആര്‍ച്ചറുടെ ബോളില്‍ ബട്‌ലര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മുംബൈ നിരയില്‍ മറ്റാര്‍ക്കും അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈയുടെ വിജയ ശില്‍പിയായ കീറോണ്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമെല്ലാം പെട്ടെന്നു മടങ്ങി. അവസാന ഓവറിലെ ഹാര്‍ദികിന്റെ (11 പന്തില്‍ 28) വിസ്‌ഫോടനം മുംബൈയെ 187 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. രാജസ്ഥാനു വേണ്ടി ജോഫ്രെ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പേ രഹാനയെ പുറത്താക്കാനുളള സുവര്‍ണാവസരം രോഹിത് വിട്ടു കളഞ്ഞത് രാജസ്ഥാനെ തുണച്ചു. ഒന്നാം വിക്കറ്റില്‍ രഹാന-ബട്‌ലര്‍ സഖ്യം 60 റണ്‍സ് ചേര്‍ത്തു. 37 (21) റണ്‍സെടുത്ത രഹാനയെ ക്രുനാല്‍ പാണ്ഡ്യ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീടു വന്ന സഞ്ജു ബട്‌ലറിന് മികച്ച പിന്തുണ നല്‍കിയതോടെ രാജസ്ഥാന്‍ മത്സരത്തില്‍ പിടിമുറുക്കി. ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ സഞ്ജുവും മറു ഭാഗത്ത് തകര്‍പ്പന്‍ അടികളോടെ ബട്‌ലറും കളം നിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോറിന് വേഗം കൂടി. ആറു വിക്കറ്റ് നേട്ടവുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയ അല്‍സാരിയുടെ ഓവറില്‍ രണ്ടു സിക്‌സും നാലു ബൗണ്ടറിയുമടക്കം 28 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രാഹുല്‍ ചഹറിന്റെ പന്തില്‍ സൂര്യകുമാറിന് ക്യാച്ചു നല്‍കി ബട്‌ലര്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും അടിച്ചു കൂട്ടിയ ബട്‌ലര്‍ 43 പന്തില്‍ 89 റണ്‍സുമായാണ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ബട്‌ലറും സഞ്ജുവും കൂട്ടിച്ചേര്‍ത്തത്.
അനായാസമായി ജയിക്കാമെന്നു കരുതിയ കളിയില്‍ 17-ാം ഓവര്‍ എറിയാന്‍ വന്ന ബുംറ സഞ്ജു (26 പന്തില്‍ 31)വിനെ മടക്കി അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കി. ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ രാജസ്ഥാന് രണ്ടു വിക്കറ്റുകല്‍ കൂടി നഷ്ടമായതോടെ ചെന്നൈക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷം പരാജയപ്പട്ടതിന്റെ തനിയാവര്‍ത്തനം വാങ്കഡെയിലും സംഭവിക്കുമെന്നു തോന്നിപ്പിച്ചു. അതിന് ആക്കം കൂട്ടി ബുംറ എറിഞ്ഞ 19-ാം ഓവറില്‍ ആദ്യ ബോളില്‍ത്തന്നെ സ്മിത്ത് ക്യാച്ച് നല്‍കി പുറത്തായി. മത്സരം മുംബൈ തിരികെ പിടിച്ചുവെന്ന് വാങ്കഡെയിലെ ആരാധകരും ഒന്നടങ്കം കരുതി.
എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ശ്രേയസ് ഗോപാലിനെ ഇഷാന്‍ കിഷന്‍ വിട്ടുകളഞ്ഞത് രാജസ്ഥാനെ തുണച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനെ മൂന്നുപന്ത് ബാക്കിനില്‍ക്കെ സമ്മര്‍ദങ്ങള്‍ മറികടന്ന് ശ്രേയസ് വിജയത്തിലെത്തിച്ചു. മുംബൈക്കു വേണ്ടി ക്രുനാല്‍ മൂന്നും ബുംറ രണ്ടു വിക്കറ്റും നേടി. രാജസ്ഥാന്റെ രണ്ടാം വിജയവും മുംബൈയുടെ മൂന്നാം തോല്‍വിയുമാണിത്. സ്‌കോര്‍-മുംബൈ: 187-5 രാജസ്ഥാന്: 188-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."