പൊലിസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമെന്നാക്ഷേപം: ന്യായീകരിച്ച് മുഖ്യമന്ത്രി, സ്വകാര്യതയിലേക്ക് കടന്നുകയറില്ലെന്നും വിശദീകരണം
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ പൊലിസ് എടുക്കുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ കോള്‍ റെക്കോഡ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ആശങ്ക വേണ്ടെ. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ അതിനൂതന വിദ്യകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിങിനായാണ് കൊവിഡ് രോഗികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി ഡി.ജി.പി ഉത്തരവിറക്കിയത്.
ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താന്‍ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തിലും സി.ഡി.ആര്‍ ശേഖരിച്ച് രോഗികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്‍ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ സി.ഡി.ആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ സി.ഡി.ആര്‍ ശേഖരിക്കാന്‍ പൊലിസിന് അനുവദിച്ച് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. കൊവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ എടുക്കാന്‍ പൊലിസിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് വിവരങ്ങള്‍ ലഭ്യമാക്കാന്‍വേണ്ടിയാണ്. ഒരിക്കലും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ല. മറ്റു തരത്തിലേക്കിതിനെ മാറ്റുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്നും രോഗികളുമായി സംസാരിച്ചവരെ കണ്ടെത്തി നേരിട്ട് സമ്പര്‍ക്കമുണ്ടെങ്കില്‍ ക്വാറന്റൈനിലാക്കണമെന്നും എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിന് ശേഷമാണ് ഡി.ജി.പി ടെലിഫോണ്‍ രേഖകള്‍ കര്‍ശനമായി ശേഖരിക്കണമെന്ന നിര്‍ദേശം നല്‍കിയത്.
ബി.എസ്.എന്‍.എല്ലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി വിനോദ് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധുമുട്ടുള്ള സാഹചര്യത്തിലാണ് സി.ഡി.ആര്‍ ശേഖരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ പൊലിസ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങി. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സി.ഡി.ആര്‍ എടുക്കാറുള്ളത്. രോഗിയായിതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലിസ് ശേഖരിക്കുന്നത് മൗലികാവകാശലംഘനമാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.
അതേ സമയം, കൊവിഡ് രോഗികളുടെ കോള്‍ ഡീറ്റൈല്‍ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനം രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ ബലറാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സി.ഡി.ആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോള്‍ ഡീറ്റൈല്‍ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനത്തില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."