അത്ര ലളിതമാണോ ഇതെല്ലാം
ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി നടന്നതും ജനാധിപത്യത്തിന്റെ എല്ലാ തണലുകളും ഇല്ലാതാക്കിയതുമായ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വെറും രാഷ്ട്രീയക്കാഴ്ചയുടെ വിരസതയോടെ കണ്ടിരിക്കേണ്ട ഒന്നായിരുന്നോയെന്നു നാം ഇപ്പോഴെങ്കിലും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ബി.ജെ.പി ഒരു ലക്ഷം കോടി രൂപയുടെ നോട്ട് വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചു വേണ്ടപ്പെട്ടവര്‍ക്കെല്ലാം മാറ്റിനല്‍കിയെന്നും ഇതില്‍ ഇന്ത്യയുടെ ചാരസംഘടനയായ റോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമുള്‍പ്പെടെ പങ്കാളികളായിരുന്നെന്നുമുള്ള വെളിപ്പെടുത്തല്‍ എങ്ങനെയാണ് ലളിതമായ കാര്യമാകുന്നത്.
ഇന്നു കേന്ദ്രം ഭരിക്കുന്നവരില്‍ പല ഉന്നതര്‍ക്കും ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനല്‍ രാഷ്ട്രീയക്കാരിലൊരാളായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ കോഴപ്പണത്തിന്റെ വിഹിതമായി കോടിക്കണക്കിനു രൂപ വീതിച്ചു നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു. കോഴ നല്‍കിയ കാര്യം മറ്റാരും ഉന്നയിച്ച ആരോപണമല്ല, യെദ്യൂരപ്പ സ്വന്തം ഡയറിയില്‍ അക്കമിട്ട് എഴുതിയ കാര്യമാണ്. ആ ഡയറി ആദായനികുതി വകുപ്പിന്റെ ഉള്ളം കൈയില്‍ എത്തിയിട്ടും ഒരന്വേഷണവും നടത്താതെ പൂഴ്ത്തിവച്ചത് ഏതു രോഗത്തിന്റെ ലക്ഷണമാണ്.
ജയ്ന്‍ ഹവാലാ ഡയറി ആഘോഷിച്ച മാധ്യമങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കുംഭകോണത്തിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മടിച്ചു. എല്ലാവരും ഒരേപോലെ 'നമോ ടി.വി'യായി മാറുകയായിരുന്നു. ഇതില്‍നിന്ന് എന്താണു നമുക്കു മനസ്സിലാക്കാനുള്ളത്.
യു.പി.എ സര്‍ക്കാര്‍ ഒരു റാഫേല്‍ വിമാനത്തിന് 526.10 കോടി രൂപയെന്ന കണക്കില്‍ നിശ്ചയിച്ചാണ് ഫ്രഞ്ച് അധികാരികളുമായി കരാറുണ്ടാക്കിയിരുന്നത്. മോദി അധികാരത്തിലേറി വളരെ രഹസ്യമായി നടത്തിയ അട്ടിമറിയിലൂടെ ഒരു റാഫേല്‍ വിമാനത്തിന്റെ വില 1670.70 കോടി രൂപയാക്കി ഉയര്‍ത്തി മറ്റൊരു കരാറുണ്ടാക്കി. ഇതിനായി രാജ്യത്തിന്റെ ഔദ്യോഗിക ചര്‍ച്ചാ ടീമിന്റെ വിലപേശലുകള്‍ ഇല്ലാതാക്കി പ്രധാനമന്ത്രി തന്നെ സമാന്തര ചര്‍ച്ച നടത്തി.
യു.പി.എ ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്ന വിമാന നിര്‍മാണ സാങ്കേതികവിദ്യാ കൈമാറ്റം വേണ്ടെന്നു വച്ചു. കരാറില്‍ പങ്കാളിയായി നേരത്തെ നിശ്ചയിച്ച എച്ച്.എ.എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി 30,000 കോടിയുടെ ഓഫ്‌സെറ്റ് കരാര്‍ ഈ മേഖലയില്‍ ഇതുവരെ ഒരു പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സിന്റെ തട്ടിക്കൂട്ട് കമ്പനിക്കു നല്‍കി.
ഈ കളളത്തരം മറച്ചുവയ്ക്കാന്‍ സുപ്രിംകോടതിയില്‍ പലതരം കള്ളങ്ങള്‍ പറഞ്ഞു. ഇതിനു സി.എ.ജി റിപ്പോര്‍ട്ട് വിലയ്‌ക്കെടുത്തു. റാഫേല്‍ വിമാനത്തിനു വില കൂട്ടി കരാറൊപ്പിട്ടതിനു പിന്നാലെ അനില്‍ അംബാനിയുടെ റിലയന്‍സിനു ഫ്രാന്‍സില്‍ 143.7 മില്യന്‍ യൂറോയുടെ നികുതിയിളവു കിട്ടി. അനില്‍ അംബാനിയുടെ പേരില്‍ ഫ്രാന്‍സിലുണ്ടായിരുന്ന നികുതി കുടിശ്ശികാ കേസ് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഇല്ലാതായി. രണ്ടു ക്രിമിനലുകള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതെല്ലാം സംഭവിക്കാമെന്ന ലളിതയുക്തിയില്‍ അഭയം പ്രാപിക്കാവുന്നതാണോ ഇതെല്ലാം.
വോട്ടിങ് മെഷിനില്‍ കള്ളത്തരം കാട്ടിയാണു ഭരണകക്ഷി തെരഞ്ഞെടുപ്പു വിജയം പിടിച്ചെടുക്കുന്നതെന്ന് 21 രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സുപ്രിംകോടതി കയറി പറയേണ്ടി വന്നു. രാജ്യത്തെ സര്‍വകലാശാലകള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ സര്‍ക്കാരിനോട് എതിരിടേണ്ടി വന്നതും ഉന്നതങ്ങളിലിരിക്കുന്ന ഒരു കൊടുംക്രിമിനലിനെ രക്ഷിക്കാന്‍ സുപ്രിംകോടതി പ്രവര്‍ത്തനവ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നുവെന്ന് അതേ കോടതിയിലെ ജഡ്ജിമാര്‍ക്കു മാധ്യമങ്ങളെ വിളിച്ചു പറയേണ്ടിവന്നതും സൈന്യവും സൈനികനീക്കങ്ങളും രാഷ്ട്രീയ വിടുവായത്തത്തിന്റെ ഇരകളായി മാറിയതും ഇതേ കാലത്തു തന്നെയാണ്.
തെരഞ്ഞെടുപ്പു കമ്മിഷന്‍വരെ ഇന്ന് ആരോപണവിധേയമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ തണലുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധിയില്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ശക്തിയാണ് സംഭരിക്കേണ്ടത്. ആ ബോധ്യത്തില്‍ നിന്നു മാത്രമേ ഈ തെരഞ്ഞെടുപ്പിനെ നേരിടാനാവൂ. തെരഞ്ഞെടുപ്പു കാലത്താണു രാഷ്ട്രീയം അതിന്റെ എല്ലാ തെളിമയോടെയും പറയേണ്ടത്. കള്ളനാരെന്നും കാവല്‍ക്കാരനാരെന്നും നമുക്കിപ്പോള്‍ വ്യക്തമായ ബോധ്യമുണ്ട്.
സാധാരണക്കാരെ പൊരിവെയിലില്‍ നിര്‍ത്തി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൈപ്പിടിയിലൊതുക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയായിരുന്നു നോട്ടുനിരോധനമെന്നാണു പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. തെരുവില്‍ വരി നിന്നവരെല്ലാം പാവങ്ങളായിരുന്നു. അതേസമയം ആര്‍.എസ്.എസ് അവരുടെ സ്വന്തക്കാര്‍ക്കു പണം വാരിക്കോരി നല്‍കി. മൂന്നു സീരീസുകളിലായാണു അമിത്ഷാ സംഘം വിദേശത്ത് നിന്ന് നോട്ടുകള്‍ അടിച്ചെത്തിച്ചതെന്നു വെളിപ്പെടുത്തലില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുന്നതിന്റെ ആറുമാസം മുമ്പാണ് പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടുകള്‍ അച്ചടിക്കുന്നത്.
വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ വ്യോമതാവളത്തിലാണു പണം എത്തിച്ചതെന്നു കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്‌രേക്കര്‍ പറയുന്നതു വിഡിയോയില്‍ വ്യക്തമാണ്. റോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണയാള്‍. അമിത് ഷായാണ് ഈ ഇടപാട് നടത്തുന്നതെന്നും രഹസ്യകാമറ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ പറയുന്നുണ്ട്. മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ കടലാസ് പെട്ടികളിലാക്കി കോടികള്‍ സൂക്ഷിച്ചതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
എത്രവലിയ തട്ടിപ്പാണെന്നു നോക്കൂ. നോട്ടുനിരോധനത്തിലൂടെ സാധാരണക്കാരുടെ വരുമാനം സര്‍ക്കാര്‍ പിടിച്ചെടുത്തു. പണക്കാര്‍ക്ക് തങ്ങളുടെ കൈയിലെ കോടികള്‍ മാറ്റിയെടുക്കാന്‍ സൗകര്യം ലഭിച്ചു. ഇതിനു ബാങ്കിങ് സംവിധാനത്തില്‍ കള്ളത്തരം കാട്ടി. ആര്‍.ബി.ഐയിലെ കറന്‍സി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തു. ഒറ്റയടിക്കു 320 കോടി രൂപ വരെ മാറ്റിനല്‍കി.
റിസര്‍വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വിവിധ വകുപ്പുകളിലെ 26 പേരാണുണ്ടായിരുന്നതെന്നു വിഡിയോയില്‍ പറയുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നത്. രാഷ്ട്രീയക്കാരും വ്യവസായികളും മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണിലെത്തി നോട്ടുകള്‍ മാറ്റിവാങ്ങുകയായിരുന്നു. പഴയ നോട്ടു മാറ്റി പുതിയതു കൊടുക്കാന്‍ 15 ശതമാനമായിരുന്നു ആദ്യം നിശ്ചയിച്ച കമ്മിഷന്‍. പിന്നീടത് 35-40 ശതമാനം വരെ ആക്കി.
അമിത്ഷായാണ് ഇതു നിയന്ത്രിക്കുന്നതെന്നു വിഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ പ്രത്യേക വകുപ്പുണ്ട്. 26 പേര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. 20,000 കോടി ഇതിനകം ഇടപാടു നടത്തിക്കഴിഞ്ഞതായും വിഡിയോയില്‍ പറയുന്നു.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കള്‍, ബാങ്കുദ്യോഗസ്ഥര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, റിലയന്‍സ് ജിയോ, മോദിയുടെ സ്വന്തക്കാര്‍ എല്ലാവരും ഉള്‍പ്പെട്ട രാജ്യദ്രോഹക്കുറ്റമാണു നടന്നത്. എങ്ങനെയാണു നാമിതിനെ കാണേണ്ടത്. രാജ്യവഞ്ചനയ്ക്കു റിസര്‍വ് ബാങ്കും വ്യോമസേനയും പ്രധാനമന്ത്രിയുമെല്ലാം ഒത്തുവന്നുവെന്നോ. രാജ്യം അത്രവലിയ അപകടത്തിലാണെന്നോ. വിഡിയോകളില്‍ വ്യക്തികളുടെ പേരും മുഖവും നടന്ന കള്ളത്തരങ്ങളുമെല്ലാം വ്യക്തമാണ്.
എന്നിട്ടും എന്തുകൊണ്ട് ദേശീയമാധ്യമങ്ങള്‍ ഇതിനെ അവഗണിച്ചു. ഇനിയൊരു തെരഞ്ഞെടുപ്പു നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന ഘട്ടത്തിലാണ് വോട്ടിങ് മെഷിനെക്കുറിച്ചുള്ള ആവലാതികള്‍ വരുന്നത്. വോട്ടിങ്‌മെഷിന്‍ സുരക്ഷിതമാണെന്നും ഇടയ്ക്കുണ്ടാകുന്നതു സാധാരണ തകരാറുകളാവാമെന്നുമാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നത്.
മറ്റു പാര്‍ട്ടികള്‍ക്കു ചെയ്യുന്ന വോട്ടുകള്‍ ബി.ജെ.പിക്കു കിട്ടുകയും മറിച്ചുണ്ടാകാതിരിക്കുകയും ചെയ്യുന്ന തകരാര്‍ മാത്രം വോട്ടിങ് മെഷിനുണ്ടാകുന്നതെങ്ങനെയെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് പ്രതിപക്ഷം ചോദിക്കുന്നത്. 191 രാജ്യങ്ങളില്‍ വികസിതമല്ലാത്ത 18 ചെറുരാജ്യങ്ങള്‍ മാത്രമാണ് വോട്ടിങ് മെഷിന്‍ ഉപയോഗിക്കുന്നത്.
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള ജര്‍മനി ഏതാനും വര്‍ഷം മുമ്പു വോട്ടിങ് മെഷിന്‍ പരീക്ഷിക്കുകയും സുരക്ഷിതമല്ലാത്തതിനാല്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഇവിടെ വീണ്ടും ബാലറ്റ് പേപ്പറിലേക്ക് മാറണമെന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ മുറവിളിയ്ക്ക് ചെവികൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറല്ല.
നിരന്തരമായ എഴുത്തുകളും വെളിപ്പെടുത്തലുകളും സമരങ്ങളും പ്രക്ഷോഭങ്ങളും ജനകീയ കലാപങ്ങളും കൊണ്ട് അധികാരത്തെ ഇളക്കിക്കൊണ്ടേയിരുന്ന രാഷ്ട്രീയമുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. അതു പൊടുന്നനെ അപ്രത്യക്ഷമാവുന്നതും തെരഞ്ഞെടുപ്പു കമ്മിഷനും ആദായനികുതി വകുപ്പും അന്വേഷണ ഏജന്‍സികളും റിസര്‍വ് ബാങ്കും സി.എ.ജിയും മാധ്യമങ്ങളും എല്ലാം പെട്ടെന്നൊരുനാള്‍ ചൗക്കിദാറുമാരായി മാറുന്നതും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതും യാദൃശ്ചികമെന്ന് കരുതുന്നതെങ്ങനെ.
സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ടു നിരോധനവും കള്ളപ്പണ വിരുദ്ധ നാടകവും അര്‍ബന്‍ നക്‌സല്‍ വേട്ടയും ബാലാക്കോട്ടും വരെയുള്ള മോദിയുടെ തട്ടിപ്പുകളൊന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലയില്ലാച്ചരക്കുകളാണെന്നു കരുതരുത്. പാകിസ്താന്‍ ഭീഷണിയെന്നു പറയുമ്പോള്‍ ഉത്തരേന്ത്യയില്‍ ഇളക്കിവിടാനാവുന്ന വികാരങ്ങള്‍ പലതുണ്ട്. അതിനിടയില്‍ മുങ്ങിപ്പോകാവുന്നതേയുള്ളൂ മറ്റെന്തും. യുദ്ധം തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനമാക്കിയ കാലത്താണ് നാമുള്ളത്. നോട്ടുനിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെട്ടതും കാര്‍ഷികമേഖല തകര്‍ന്നതുമൊക്കെ ജനം ഓര്‍ക്കാന്‍ സമയം നല്‍കരുതെന്ന ബോധ്യം രാജ്യം ഭരിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കുണ്ട്. ചെറിയ വെല്ലുവിളിയല്ല മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."