നിരോധനം മറികടന്ന് കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം തദ്ദേശ സ്ഥാപനങ്ങളും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ വിലക്ക് മറികടന്ന് തദ്ദേശ സ്ഥാപനങ്ങളുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും പിന്തുണയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ മെയ് അവസാനം വരെ കുഴല്‍ക്കിണര്‍ കുഴിക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
പ്രതിവര്‍ഷം ശരാശരി മൂന്നു മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മഴയുടെ തോതില്‍ ഗണ്യമായ കുറവുണ്ടായതും കടുത്ത ചൂടുമാണ് സ്ഥിതി വഷളാക്കിയതെന്നുമായിരുന്നു കണ്ടെത്തല്‍. കടുത്ത ജലചൂഷണം തടയാന്‍ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയെങ്കിലും കുഴല്‍ക്കിണര്‍ നിര്‍മാണം തകൃതിയായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ശുപാര്‍ശയില്‍ ഭൂഗര്‍ഭജല വകുപ്പ് വ്യാപകമായി കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയാണ്.
ദിനംപ്രതി നൂറുകണക്കിന് അപേക്ഷയാണ് ഭൂഗര്‍ഭജല വകുപ്പില്‍ എത്തുന്നത്. സര്‍വേ പോലും നടത്താതെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന കത്ത് ഉപയോഗിച്ചാണ് അനുമതി സംഘടിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് വ്യാപകമായി കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ബോര്‍വെല്‍ യന്ത്രങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഇതിനായി വന്‍ലോബി തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."