ഫലസ്തീന്റെ ഒരു തരി മണ്ണും വിട്ടു കൊടുക്കില്ല; പുതിയ രാഷ്ട്രീയ നയവുമായി ഹമാസ്
ജറൂസലം: 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ മാത്രം അംഗീകരിക്കുന്ന പുതിയ രാഷ്ട്രീയ നയവുമായി ഹമാസ്. 1967ലെ അതിര്‍ത്തിപ്രകാരം ഫലസ്തീന്‍ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രഈലിനെ അംഗീകരിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു. ഫലസ്തീനില്‍ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിന്റെ മുന്‍നിലപാടുകളിലൂന്നിയാണ് ഖാലിദ് മിശ്അല്‍ പുതിയ നയപ്രഖ്യാപനം നടത്തിയത്.
1967ല്‍ ഇസ്രാഈല്‍ യുദ്ധത്തിലൂടെ കയ്യേറിയ കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവകൂടി ഉള്‍കൊള്ളുന്നതാണ് ഫലസ്തീന്‍ രാഷ്ട്രമെന്ന് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു. ഇസ്രാഈല്‍ രാഷ്ട്രം നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസിന്റെ പോരാട്ടം ജൂതമത വിശ്വാസികള്‍ക്കെതിരല്ലെന്നും ഫലസ്തീന്‍ ഭൂമി കയ്യേറി കുടിയേറ്റം നടത്തുന്ന സയണിസ്റ്റുകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്റെ ഒരിഞ്ച് സ്ഥലവും വേണ്ടെന്ന് വെക്കില്ല. എത്രകാലം കുടിയേറ്റം തുടര്‍ന്നാലും എത്ര സമ്മര്‍ദ്ദമുണ്ടായാലും അതിന് തടസ്സമാവില്ല. ഫലസ്തീനെ പൂര്‍ണമായും ഒഴിപ്പിക്കുന്നതല്ലാത്ത ഒരു ആശയത്തെയും ഹമാസ് അംഗീകരിക്കുന്നില്ല. 1967 ജൂണ്‍ 4 പ്രകാരം ജറുസലം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തെയാണ് ഹമാസ് അംഗീകരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാന്‍ സ്വാതന്ത്ര്യമനുവദിക്കുന്ന സംവിധാനത്തെ മാത്രമേ അംഗീകരിക്കുകയുള്ളൂ. അതിന് പ്രസ്ഥാനത്തിലെ അണികള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."