HOME
DETAILS
MAL
കൊവിഡ് വ്യാപനം: അമേരിക്കയല്ല; മുന്നില്‍ ഇന്ത്യയാണ്
backup
August 19 2020 | 02:08 AM
മുംബൈ: കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ലോകത്ത് അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും, നിലവില്‍ ലോകത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ഇന്ത്യയാണെന്നു റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. നിലവില്‍ അമേരിക്കയിലും ബ്രസീലിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് അറുപതിനായിരത്തിലേറെ പേര്‍ക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിച്ചിരുന്നത്.
ഇന്നലെ ഉച്ചവരെയുള്ള കണക്കുപ്രകാരം അമേരിക്കയില്‍ 56.12 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1.74 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ 27.06 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും അന്‍പത്തിരണ്ടായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ 33.63 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.09 ലക്ഷം പേര്‍ മരിച്ചു. എന്നാല്‍, ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെ വരെ അമേരിക്കയില്‍ 8.99 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15,767 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യയില്‍ 10.05 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 15,449 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ഈ കാലയളവില്‍ 6.54 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16,086 പേര്‍ മരിക്കുകയും ചെയ്തു.
കൊവിഡ് വ്യാപനത്തില്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളേക്കാള്‍ ഏറ്റവും മുന്‍പിലാണ് ഇന്ത്യ. പാകിസ്താനില്‍ ഓഗസ്റ്റില്‍ പതിനൊന്നായിരത്തോളം കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2.9 ലക്ഷം പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ആകെ മരണം ആറായിരത്തിലേറെ മാത്രമാണ്. ചൈനയില്‍ ഓഗസ്റ്റില്‍ അഞ്ഞൂറിലേറെ പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗ്ലാദേശില്‍ 41,500ലേറെ പേര്‍ക്കാണ് ഓഗസ്റ്റില്‍ രോഗം സ്ഥിരീകരിച്ചത്. അറുനൂറോളം പേരാണ് മരിച്ചത്.
മൃതദേഹം
സംസ്‌കരിക്കാനെത്തിച്ചത്
സൈക്കിളില്‍
ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമാകുന്നതിനിടെ കര്‍ണാടകയില്‍നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. കൊവിഡ് സംശയത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ മകനും അനന്തരവനുംകൂടി സൈക്കളില്‍ എത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു.
കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് 71കാരന്റെ മൃതദേഹം സംസ്‌കാരത്തിനായി മകനും അനന്തരവനുംകൂടി സൈക്കിളില്‍ എത്തിച്ചത്. ഗാന്ധിനഗറില്‍നിന്നു കിലോമീറ്ററുകളോളം സൈക്കിളില്‍ തള്ളിയാണ് മൃതദേഹം എത്തിച്ചത്. മൃതദേഹം കൊണ്ടുപോകാനും മറ്റും സഹായമഭ്യര്‍ഥിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നു മരിച്ചയാളുടെ മകന്‍ ആരോപിച്ചു.
പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 71കാരനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കു റഫര്‍ ചെയ്തിരുന്നു. എന്നാല്‍, കൊണ്ടുപോകുംമുന്‍പ് ഇയാള്‍ മരണപ്പെട്ടു. കൊവിഡ് കാരണമാണ് മരണമെന്നു സംശയിച്ച് ബന്ധുക്കളും സഹായത്തിനെത്തിയില്ലെന്ന് മകന്‍ ആരോപിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."