പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍ പി.ഡബ്ല്യു.ഡി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 8 കോടി മുടക്കുന്ന റോഡിന് വീതി 8 മീറ്റര്‍
തൊടുപുഴ: പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍ പി.ഡബ്ല്യു.ഡി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.
ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുമാരമംഗലം, ഏഴല്ലൂര്‍ മേഖലകളുടെ വികസന സ്വപ്നം സാക്ഷാത്കരിക്കും. മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിനാളുകള്‍ ദിവസവും എത്തിച്ചേരുവാന്‍ ആശ്രയിക്കുന്ന റോഡാണിത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നബാര്‍ഡ് ഏറ്റെടുത്ത വെങ്ങല്ലൂര്‍- മങ്ങാട്ടുകവല ബൈപ്പാസില്‍ പി.ആര്‍ ജങ്ഷനില്‍ നിന്നുമാരംഭിച്ച് പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍-നരകുഴി വഴി പെരുമാംകണ്ടത്ത് എത്തിച്ചേരുന്ന റോഡിന്റെ ദൈര്‍ഘ്യം ഏഴുകിലോമീറ്ററാണ്. എട്ടു കോടി രൂപ മുതല്‍ മുടക്കി എട്ടു മീറ്റര്‍ വീതിയില്‍ ഓടകളും, കലുങ്കുകളും സഹിതം ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി ഒന്നര വര്‍ഷക്കാലം കൊണ്ട് പൂര്‍ത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
അടിമാലി, നേര്യമംഗലം, കോതമംഗലം, പട്ടയക്കുടി, വെള്ളക്കയം പ്രദേശങ്ങളിലെ യാത്രക്കാര്‍ക്കും, മേഖലയിലെ കര്‍ഷകര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി തൊടുപുഴയില്‍ എത്തിച്ചേരുവാന്‍ വളരെയേറെ സഹായിക്കുന്ന ഒരു സമാന്തര പാതയായി ഈ റോഡ് മാറും. വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പ്രദേശത്ത് നിന്ന് ഇതുവഴി ആയിരങ്ങളാണ് സഞ്ചരിക്കുന്നത്.
അല്‍ അസ്ഹര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, എന്‍ജിനീയറിങ് കോളജ്, ഡെന്റല്‍ കോളജ്, പോളിടെക്‌നിക്ക് കോളജ്, പഞ്ചായത്ത് എല്‍.പി സ്‌കൂള്‍, സെന്റ് ജോര്‍ജ്ജസ് യു.പി സ്‌കൂള്‍, വിവിധ മതസ്ഥാപനങ്ങള്‍ തുടങ്ങി നാടിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രധാന സ്ഥാപനങ്ങള്‍ ഈ റോഡിലുണ്ട്. ഇവയുടെ വികസനത്തിനും ഈ പദ്ധതി കുതിപ്പേകും.
പ്രദേശത്തിന്റെ വികസനത്തിന് നാന്ദി കുറിക്കുന്ന റോഡ് നിര്‍മാണത്തിന് മുഴുവന്‍ ജനങ്ങളും പൂര്‍ണ പിന്തുണയും സഹായ സഹകരണങ്ങളും നല്‍കണമെന്ന് തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."