വൈറ്റ്ഹൗസില്‍ ട്രംപും മഹ്മൂദ് അബ്ബാസും കൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച നടന്നു. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 1967നു മുന്‍പുള്ള അതിര്‍ത്തി അടിസ്ഥാനപ്പെടുത്തിയുള്ള അറബ് രാഷ്ട്രങ്ങളുടെ ഫലസ്തീന് രാഷ്ട്രപദ്ധതി അബ്ബാസ് ചര്‍ച്ചയില്‍ മുന്നോട്ടുവച്ചതായാണു വിവരം.
ഇസ്റാഈലുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ടവരുടെയും ജയിലിലായവരുടെയും കുടുംബങ്ങള്‍ക്ക് ഫലസ്തീന് അതോറിറ്റി നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവയ്ക്കണമെന്ന് ട്രംപ് അബ്ബാസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവിന്റെ ആവശ്യപ്രകാരമാണിത്.
ഇസ്റാഈലും ഫലസ്തീനും തമ്മില്‍ ദീര്‍ഘകാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ജൂതരാഷ്ട്രത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ഇസ്റാഈല്‍ 'സ്വാതന്ത്ര്യദിന'ത്തിന്റെ ഭാഗമായി വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പെന്‍സ് പറഞ്ഞു. 1967ല്‍ ഇസ്റാഈല്‍-ഫലസ്തീന് യുദ്ധത്തിനു ശേഷം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിര്‍ണയിക്കപ്പെട്ട അതിര്‍ത്തിരേഖ അടിസ്ഥാനപ്പെടുത്തിയുള്ള ഫലസ്തീന് രാഷ്ട്രം അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."