നിയമസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം : മുതിര്‍ന്ന പൗരന്മാര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായുള്ള നിയമസഹായ കേന്ദ്രം കോട്ടയം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി എസ്. ശാന്ത കുമാരി നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ സി.എ. ലത ചടങ്ങില്‍ അധ്യക്ഷയായി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റീസ് എന്നിവ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് കേന്ദ്രം തുറന്നിട്ടുളളത്.
ഇവര്‍ക്കുള്ള നിയമ സഹായങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച ആധികാരിക വിവരങ്ങളും മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാവിനെ നിയമിക്കുന്നതിനുള്ള ലോക്കല്‍ കമ്മിറ്റിയെ സമീപിക്കുന്നതിനുള്ള സഹായങ്ങളും പിന്തുടര്‍ച്ചാവകാശം, സാമ്പത്തികാവകാശം തുടങ്ങിയവ സംരക്ഷിക്കാന്‍ വേണ്ട സഹായങ്ങളും തുല്യാവകാശം നേടിയെടുക്കാന്‍ വേണ്ട സഹായങ്ങളും ഇവിടെ ലഭിക്കും.
കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള എല്ലാവിധ സേവനങ്ങളും ആരോഗ്യ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാന്‍ വേണ്ട സഹായങ്ങളും മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കുന്നതിനുള്ള സഹായങ്ങളും മറ്റ് സഹായ കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പോലിസ് വകുപ്പു വഴി സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട സഹായങ്ങളും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
നിയമസഹായ കേന്ദ്രത്തില്‍ ലഭിച്ച ആദ്യപരാതി വെല്ലൂര്‍ തൈപ്പറമ്പില്‍ അനുമോളില്‍ നിന്ന് ജില്ലാ ജഡ്ജി എസ്. ശാന്ത കുമാരി സ്വീകരിച്ചു. ഭിന്നശേഷിയുള്ള ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ലാപ്‌ടോപ്പും തനിയെ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന മുച്ചക്ര വാഹനവും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ചടങ്ങില്‍ അറിയിച്ചു.
ബിരുദാനന്തര ബിരുദധാരിയായ ഇവരുടെ സേവനം പാരാ ലീഗല്‍ വോളണ്ടിയര്‍ സര്‍വീസിന്റെ കീഴില്‍ മറ്റ് ഭിന്നശേഷിയുള്ളവര്‍ക്ക് ഗൈഡന്‍സ് നല്‍കുന്നതിന് വിനിയോഗിക്കാനും ആലോചനയുണ്ട്.
ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സെഷന്‍സ് ജഡ്ജുമായ എ. ഇജാസ്, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് പി. ജ്യോതിസ് ബെന്‍, ജഡ്ജിമാരായ കെ.പി. ജോണ്‍, വി.എസ്. ബിന്ദുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസേവന കേന്ദ്രവുമായി ബന്ധപ്പെടേണ്ട നമ്പര്‍ 9497000017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."