ഫയര്‍ ഹൈഡ്രന്റിന്റെ ഉദ്ഘാടനം നടത്തി
തൃശൂര്‍: ഫയര്‍ ഹൈഡ്രന്റിന്റെ ഉദ്ഘാടനം ഇന്നലെ വിദ്യാര്‍ഥി കോര്‍ണറില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. കലാകാലത്തേക്കുളള ഗ്രൗണ്ടിലെ സുരക്ഷാ സംവിധാനമാണിത്. സുരക്ഷപാലിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ജനങ്ങള്‍ക്ക് പൂരം കാണാനുളള ക്രമീകരണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വെടിക്കെട്ടിന് അനുവാദം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
85 മീറ്റര്‍ ഉയരത്തില്‍ ഹൈഡ്രന്റില്‍ നിന്ന് വെളളം ചീറ്റാനാകും. കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് റൗണ്ടില്‍ ഹൈഡ്രന്റ് സ്ഥാപിച്ചത്. കൊച്ചിന്‍ റിഫൈനറി, ബി.പി.സി.എല്‍, ഒ.എന്‍.ജി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്നുളള സാങ്കേതിക വിദഗ്ധരാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തത്. തൃശൂര്‍ ജല അതോറിറ്റിയാണ് നിര്‍വ്വഹണ ഏജന്‍സി. ഒന്നേകാല്‍ കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പിട്ടിരിക്കുന്നത്. 35 എണ്ണം ഫയര്‍ ഹൈഡ്രന്റുകളാണ് ഇതിലുളളത്.
യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷനായി. വടക്കന്‍ മേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍, തൃശൂര്‍ ഐ.ജി എം.ആര്‍.അജിത്ത് കുമാര്‍, ജില്ലാ പൊലിസ് മേധാവി ടി.നാരായണ്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ്ണ, കെ.മഹേഷ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍, പൂര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൗളി പീറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സ്വാഗതവും എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരേയും കരാറുകാരേയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് അഞ്ച് എല്‍.ഇ.ഡി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കെ.എസ്.ആര്‍.ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഇതിന്റെ ചെലവ് 22 ലക്ഷം രൂപയാണ്്. ദിവാന്‍ജിമൂല, ചെട്ടിയങ്ങാടി ജംഗ്ഷന്‍, കുറുപ്പം റോഡ്, വടക്കേച്ചിറ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."