സുശാന്ത് സിങ് രാജ്പുതിന്റെ മരണം: സി.ബി.ഐ അന്വേഷണം തുടങ്ങി
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. ഇന്നലെ മുംബൈയിലെത്തിയ സി.ബി.ഐ സംഘം സുശാന്തിന്റെ സ്റ്റാഫുകളടക്കമുള്ളവരില്‍നിന്നു മൊഴിയെടുക്കുകയും നേരത്തെ കേസന്വേഷിച്ചിരുന്ന മുംബൈ പൊലിസ് സംഘത്തെ കാണുകയും ചെയ്തു.
നുപൂര്‍ പ്രസാദിന്റെ കീഴിലുള്ള സി.ബി.ഐയുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയ സംഘം, സുശാന്തിന്റെ പാചകക്കാരനെയും ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ, കേസന്വേഷണത്തില്‍ മഹാരാഷ്ട്രയും ബിഹാറും തമ്മില്‍ പ്രശ്‌നമുണ്ടാകുകയും തുടര്‍ന്നു നടന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസന്വേഷണം സി.ബി.ഐക്കു വിട്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ജൂണ്‍ 14നായിരുന്നു സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. തുടര്‍ന്നു മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ സുശാന്തിന്റെ കുടുംബം ബിഹാര്‍ സര്‍ക്കാരിനു പരാതി നല്‍കുകയായിരുന്നു. സുശാന്തിന്റെ മുന്‍ സുഹൃത്ത് റിയ ചക്രവര്‍ത്തിയും ഇപ്പോള്‍ കേസില്‍ സംശയനിഴലിലാണ്. കേസന്വേഷണം മഹാരാഷ്ട്ര പൊലിസിനുതന്നെ നല്‍കണമെന്ന ഇവരുടെ ആവശ്യം സുപ്രിംകോടതി തള്ളുകയും സാമ്പത്തിക ഇടപാടിലെ സംശയത്തിന്റെ പേരില്‍ ഇവരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."