പൊന്നോണം
ജക്കാര്‍ത്ത: രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും നേടി ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനവും ഇന്ത്യ അവിസ്മരണീയമാക്കി. പുരുഷ വിഭാഗം ടെന്നിസ് ഡബിള്‍സിലും തുഴച്ചിലിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. അതേ സമയം ഇന്ത്യന്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന വനിതാ കബഡി ടീം ഫൈനലില്‍ ഇറാനോട് തോറ്റ് വെള്ളിയുമായി മടങ്ങി. നേരത്തെ ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ ഇറാനോട് തന്നെ പരാജയപ്പെട്ടിരുന്നു. ഇതോടെ ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും 14 വെങ്കലവുമടക്കം 25 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു.
ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപ്പണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യം കസാക്കിസ്ഥാന്റെ ഡെന്നിസ് യെവ്‌സെയേവ് - അലക്‌സാണ്ടര്‍ ബബ്ലിക് സഖ്യത്തെ 6-3, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് പ്രഭാകര്‍ വെങ്കലവും നേടി. സെമിഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ഡെനിസ് ഇസ്റ്റോമിനോട് 6-2, 6-2 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെയാണ് പ്രജ്‌നേഷിന് വെങ്കലത്തില്‍ ഒതുങ്ങേണ്ടി വന്നത്. നേരത്തെ ഇന്ത്യയുടെ അങ്കിത റെയ്‌ന വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. ഇതോടെ ടെന്നിസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.
ഗെയിംസിന്റെ ആറാംദിനം തുഴച്ചിലിലൂടെ നേടിയ മെഡലുകളാണ് ഇന്ത്യക്ക് പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപിള്‍ സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തുബാബന്‍ ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. 6.17.13 എന്ന സമയത്തിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യ 6.20.58 എന്ന സമയിത്തിലും മൂന്നാം സ്ഥാനത്തുള്ള തായ്‌ലന്റ് 6.22.41 നുമാണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനും, പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും വെങ്കല മെഡലും നേടിയിരുന്നു. ലെറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ 7.18.76 എന്ന സമയത്തിലാണ് ദുഷ്യന്ത് ചൗഹാന്‍ ഫിനിഷ് ലൈന്‍ കടന്നത്. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍സില്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന രോഹിത് കുമാര്‍ - ഭഗവാന്‍ സിങ് സഖ്യത്തിന് വെങ്കലം നേടാനെ സാധിച്ചുള്ളൂ. 7.04.61 എന്ന സമയത്താണ് ഇവര്‍ ഫിനിഷ് ചെയ്തത്. 7.01.70 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത ജപ്പാന്‍ സഖ്യത്തിനാണ് സ്വര്‍ണം.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദുവാണ് ഇന്നലെ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വെങ്കലം നേടിയത്. ഇതേ ഇനത്തില്‍ മത്സരിച്ച കൗമാരതാരം മനു ബക്കര്‍ക്ക് മെഡല്‍ നേടാനായില്ല. 219.2 പോയിന്റ് നേടിയാണ് ഹീന വെങ്കലം നേടിയത്. 240.3 പോയിന്റ് നേടിയ ചൈനയുടെ ഖിയാന്‍ വാങ് സ്വര്‍ണവും 237.6 പോയിന്റ് നേടിയ ദ.കൊറിയയുടെ കിം മിന്‍ജുങ്ങ് വെള്ളിയും നേടി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മനു ബക്കര്‍ 176.2 പോയിന്റ് മാത്രമേ നേടിയുള്ളൂ. താരം ഈ ഇനത്തില്‍ അഞ്ചാം സ്ഥാനത്താണ്.
സ്‌ക്വാഷില്‍ മെഡല്‍ പ്രതീക്ഷ
സ്‌ക്വാഷ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ദീപിക പള്ളിക്കലും ജോഷ്വാന ചിന്നപ്പയും മെഡല്‍ സാധ്യത നിലനിര്‍ത്തി.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 3-0ത്തിന് ജപ്പാന്റെ മിസാക്കി കൊബയാഷിയെ പരാജയപ്പെടുത്തിയാണ് ദീപിക സെമിഫൈനലില്‍ കയറിയത്. ഹോങ്കോങ് താരം ലിങ് ഹോ ചാനിനെ 3-1ന് പരാജയപ്പെടുത്തിയാണ് ജോഷ്വാന സെമിയിലെത്തിയത്. അതേ സമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരവ് ഘോഷാല്‍ ഹരീന്ദര്‍ പാലിനെ 3-1നു പരാജയപ്പെടുത്തി സെമിയില്‍ കടന്നു.
ഹാന്‍ഡ് ബോളില്‍ ഇന്ത്യ മുന്നേറുന്നു
പുരുഷ ഹാന്‍ഡ് ബോളില്‍ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ മുന്നേറുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്താനെ 28-27ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കുതിപ്പ് തുടരുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 45-19ന് പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തില്‍ ചൈനീസ് തായ്‌പേയ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച ചൈനീസ് തായ്‌പേയ് പട്ടികയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടാമതാണ്.
ബാഡ്മിന്റണില്‍ പ്രണോയിയും ശ്രീകാന്തും പുറത്ത്
ബാഡ്മിന്റണില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന എച്ച്.എസ് പ്രണോയിയും കിഡംബി ശ്രീകാന്തും പുറത്തായി. പുരുഷ സിംഗിള്‍സില്‍ 2-1ന് തായ്‌ലന്റ് താരത്തോട് പരാജയപ്പെട്ടാണ് പ്രണോയ് പുറത്തായത്. ആദ്യ സെറ്റ് 21-12ന് അടിയറവ് പറഞ്ഞ പ്രണോയ് രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചു വന്നു 21-15ന് നേടി. അവസാന സെറ്റില്‍ 21-15ന് തോറ്റാണ് പ്രണോയ് പുറത്തായത്. ഹോങ്കോങ് താരം വോങ് വിങ് കിയോട് പരാജയപ്പെട്ടാണ് ശ്രീകാന്ത് ഗെയിംസില്‍ നിന്ന് പുറത്തായത്.
ഈ സീസണില്‍ ശ്രീകാന്ത് മോശം പ്രകടനമാണ് നടത്തുന്നത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലും താരം പെട്ടെന്ന് തന്നെ പുറത്തായിരുന്നു. 21-23, 19-21 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ തോല്‍വി. അതേ സമയം വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ അശ്വിനി പൊന്നപ്പ - റെഢി എന്‍ സിക്കി സഖ്യം 2-1ന് മലേഷ്യന്‍ താരങ്ങളെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. 21-17, 16-21, 21-19 എന്ന സ്‌കോറിനാണ് ഈ സഖ്യം വിജയിച്ചത്.
ബോക്‌സിങ്ങില്‍ വിജയം
ബോക്‌സിങ് 69 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഭൂട്ടാന്റെ സന്‍ഗയ് വങ്കിടിയെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് താരം പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.
കബഡിയില്‍ ഇറാന്റെ മധുര പ്രതികാരം
ഇന്ത്യക്ക് വെള്ളി
ജക്കാര്‍ത്ത: 2014ലെ ഇഞ്ചിയോണ്‍ ഗെയിംസില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇറാന്റെ മധുര പ്രതികാരം. ഫൈനലില്‍ ഇന്ത്യയെ 27-24ന് പരാജയപ്പെടുത്തി ഗോള്‍ഡ് മെഡല്‍ നേടിയാണ് ഇറാന്‍ പ്രതികാരം തീര്‍ത്തത്. ഇഞ്ചിയോണില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് കബഡി ഫൈനലില്‍ ഇന്ത്യ ഇറാനെ 30-21ന് പരാജയപ്പെടുത്തിയിരുന്നു.
ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ഉറപ്പിച്ചിരുന്ന ഇനത്തില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. കബഡിയില്‍ പുരുഷ ടീം സ്വര്‍ണം നഷ്ടമാക്കിയതിന് പിന്നാലെയാണ് വനിതാ ടീമും സ്വര്‍ണം കൈവിട്ടത്. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ മാത്രമാണ് ലഭിക്കുക. 1990 മുതല്‍ എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യയുടെ പുരുഷ ടീം. ഏഷ്യന്‍ കബഡിയില്‍ രാജാക്കന്മാരായിരുന്ന ഇന്ത്യ ഇത്തവണ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസിലും വനിതാ വിഭാഗത്തില്‍ ഇന്ത്യ തന്നെയായിരുന്നു കബഡിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നത്. 2010 ല്‍ ഫൈനലില്‍ 28-14ന് തായ്‌ലന്റിനെയും 2014ല്‍ 30-21ന് ഇറാനെയുമായിരുന്നു ഇന്ത്യ കീഴടക്കിയത്.
ഹോക്കിയില്‍ സെമി ഉറപ്പിച്ച് ഇന്ത്യ
ജക്കാര്‍ത്ത: ഹോക്കിയില്‍ ജപ്പാനെയും പരാജയപ്പെടുത്തി അപരാജിതരായി ഇന്ത്യ കുതിക്കുന്നു. പ്രിലിമിനറി റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെ 17 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ 26 ഗോളുകള്‍ക്ക് തോല്‍പിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു.
അടുത്ത മത്സരത്തില്‍ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ജക്കാര്‍ത്തയില്‍ ഇന്ത്യ ഇതുവരെ ഒറ്റ ഗോളും വഴങ്ങാതെ 51 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."