ഇസ്‌ലാമിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അപലപനീയം
കണ്ണൂര്‍: ഭീകരപ്രവര്‍ത്തനങ്ങളും നിരപരാധികളെ കൊന്നൊടുക്കലും തികച്ചും ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചിരിക്കെ ചില മുസ്‌ലിം നാമധാരികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിനെ ഒറ്റപ്പെടുത്തി പാര്‍ശ്വവല്‍കരിക്കാന്‍ മുതലാളിത്ത-സിയോണിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ജില്ലയിലെ മുസ്‌ലിംമത-വിദ്യാഭ്യാസ സംഘടനാ പ്രതിനിധികളുടെ യോഗം അപലപിച്ചു.
ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന നിലവിലുള്ള ഇന്ത്യയില്‍ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനമായ ഡോ. സാക്കിര്‍ നായിക്കിനെതിരെ കേന്ദ്ര-മഹാരാഷ്ട്ര ഭരണകൂടങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളിലും മുസ്‌ലിം മുക്ത ഭാരതം, ഏകീകൃത സിവില്‍കോഡ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രകോപനകരമായ നീക്കങ്ങളിലും യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
സമുദായ ഐക്യം നിലനിര്‍ത്തി മഹല്ലുകള്‍തോറും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നതി നും എല്ലാവിധ ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനും യോഗം ആഹ്വാനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി സംസാരിച്ചു.
എന്‍.എ അബൂബക്കര്‍, ടി.എ തങ്ങള്‍, വി.പി വമ്പന്‍ (മുസ്‌ലിംലീഗ്), പി.പി ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ (സമസ്ത), ഡോ. എ ബഷീര്‍, നൗഷാദ് സ്വലാഹി, സി.കെ മഹമൂദ് (കെ.എന്‍.എം), ഷംസുദ്ദീന്‍ പാലക്കോട്, കെ.എല്‍.പി ഹാരിസ്, സി.സി ഷക്കീര്‍ ഫാറൂഖി (കെ.എന്‍.എം മടവൂര്‍ വിഭാഗം), കെ.എം മഖ്ബൂല്‍, കെ.പി അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി), അഡ്വ. പി മുസ്തഫ, എ മുഹമ്മദ് (എം.ഇ.എസ്). കെ.പി മുഹമ്മദ് അഷ്‌റഫ്, ഐ.എം ഹാരിസ്, എ.ടി അബ്ദുല്‍സലാം (എം.എസ്.എസ്), കെ അബ്ദുല്‍ഖാദര്‍, അഡ്വ. പി മഹമൂദ്, സി ഖാലിദ് എന്‍ജിനിയര്‍ (എം.ഇ.എ) കെ.കെ മുഹമ്മദ്, എം.പി.എ റഹീം (ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി) പങ്കെടുത്തു. വിഷയങ്ങളില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ പി കുഞ്ഞിമുഹമ്മദ് കണ്‍വീനറായി 22 അംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."