കുട്ടനാട്ടുകാര്‍ മടങ്ങിത്തുടങ്ങി
ചങ്ങനാശേരി: ജലനിരപ്പു താഴ്ന്നതോടെ കുട്ടനാട്ടുകാര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഒന്നരയടിയോളം വെള്ളമിറങ്ങിയിട്ടുണ്ട്. ജലനിരപ്പു താഴ്ന്നതോടെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഇതോടെയാണ് ആളുകള്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങിയത്.
വെള്ളമിറങ്ങുന്ന മുറയ്ക്കു വീടുകളില്‍ അടിഞ്ഞു കൂടുന്ന ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും. കുടുംബത്തിലെ പുരുഷന്മാരാണ് വീടുകള്‍ പരിശോധിക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി ഇപ്പോള്‍ പോകുന്നത്. വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിച്ചു പോന്നവര്‍ വീടുകളില്‍ വെള്ളമിറങ്ങിയിട്ടില്ലെങ്കിലും കുട്ടനാട്ടിലേക്കു പോയി. പകല്‍ സമയങ്ങളില്‍ വീട് വൃത്തിയാക്കിയും വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയും മടങ്ങുന്നവരാണേറെയും. എന്നാല്‍ മടങ്ങുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങളുടെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ജലഗതാഗതവകുപ്പിന്റെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. ചങ്ങനാശേരിയില്‍ നിന്നു നേരത്തെ തന്നെ ആളുകള്‍ കുട്ടനാട്ടിലേക്കെത്തിയിരുന്നു. എന്നാല്‍ ആലപ്പുഴ ഭാഗത്തു തങ്ങിയവര്‍ക്കു വാടകയ്ക്ക് വള്ളങ്ങളെ ആശ്രയിക്കണം. യന്ത്രം ഘടിപ്പിച്ച സൂചി വള്ളങ്ങള്‍ പോലും ആയിരത്തിയഞ്ഞൂറിനുമേല്‍ രൂപയാണ് ആവശ്യപ്പെടുന്നത്. ആലപ്പുഴയില്‍ നിന്ന് അമ്പലപ്പുഴ-എടത്വ-തിരുവല്ല വഴി ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിച്ചത് തകഴി, എടത്വ പടഹാരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."