പൊടിവിതക്കൊരുങ്ങി തൃത്താലയിലെ പാടശേഖരങ്ങള്‍
കൂറ്റനാട്: തൃത്താല മേഖലയില്‍ വേനല്‍മഴ ലഭിച്ചതുകൊണ്ട് കര്‍ഷകര്‍ നെല്‍പ്പാടങ്ങളൊരുക്കി പൊടിവിതയ്‌ക്കൊരുങ്ങി. 700 ഏക്കറിലധികം വിസ്തൃതിയുള്ള തൃത്താല, മങ്ങാരം പാടശേഖരങ്ങളിലെ 300 ഏക്കര്‍ നിലമാണ് കൃഷിക്കൊരുങ്ങുന്നത്. നാലുമാസംകൊണ്ട് വിളവെടുക്കാമെന്നതാണ് പൊടിവിതക്കൃഷിയുടെ പ്രത്യേകത. ഇതിനായി നിലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്നതിന്റെ തിരക്കിലാണ് കര്‍ഷകര്‍. അധിക കര്‍ഷകരും ഉമ വിത്താണ് കൃഷിയിറക്കുന്നത്. ഈ മഴക്കാലത്തും പ്രളയം വരുമെന്ന ഭീതിയില്‍ കൃഷിയിറക്കാന്‍ തയാറാവാത്ത കര്‍ഷകരും ഇവിടെയുണ്ട്.
പ്രളയത്തില്‍ നശിച്ച നെല്‍ക്കൃഷിക്ക് ആനുപാതികമായി നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തെ നെല്ലുസംഭരണത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്ന് ഉഴവുകൂലിയിനത്തില്‍ ലഭിക്കേണ്ട തുക കിട്ടിയിട്ടില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. സംഭരിച്ച നെല്ലില്‍ ഈര്‍പ്പം കൂടുതലെന്ന് പറഞ്ഞ് ലഭിക്കേണ്ട തുകയില്‍ കുറവ് വരുത്തുന്നതാണ് കര്‍ഷകരെ ഏറെ വലയ്ക്കുന്നത്. തൊഴിലാളികളുടെ ലഭ്യതക്കുറവും കൂലിവര്‍ധനയും കാര്‍ഷികയന്ത്രസാമഗ്രികളുടെ ഉയര്‍ന്ന വാടകയുമെല്ലാം ഇവര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.
കൃഷിസ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കര്‍ഷകരാണ് മേഖലയിലേറെയും. ഭൂവുടമകള്‍ കൂടുതല്‍ തുക കര്‍ഷകരോട് ആവശ്യപ്പെടുന്നതും കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ്. പ്രളയത്തില്‍ നശിച്ച തൃത്താല മൈനര്‍ ഇറിഗേഷന്‍ പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ ഇതുവരെ ആരംഭിക്കാനാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വൈക്കോലിന്റെ വിലയിടിവ്, വളങ്ങളുടെ വിലവര്‍ധന, ആവശ്യത്തിന് നെല്‍വിത്ത് ലഭിക്കാത്ത അവസ്ഥ തുടങ്ങിയവയുമുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കര്‍ഷകരാണ് തൃത്താലയിലുള്ളത്. ഇതിനെല്ലാം പരിഹാരം വേണമെന്നാണ് അവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."