അസി.എഞ്ചിനിയര്‍ക്ക് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം
തൊടുപുഴ: നഗരസഭ പരിധിയിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് ബില്ല് പാസാക്കി നല്‍കാത്ത നഗരസഭ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കരാറുകാരെ ദ്രോഹിക്കു നടപടിയാണ് എ.ഇ സ്വീകരിക്കുന്നതെന്ന് കൗസിലര്‍മാര്‍ ആരോപിച്ചു. ബില്‍ഡിംഗ് പെര്‍മിറ്റിനായി എത്തുന്നവരെയും എ.ഇ മടക്കി അയക്കുന്നതിനെയും കൗണ്‍സിലില്‍ ചോദ്യം ചെയ്തു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഒന്നാം വാര്‍ഡിലെ പുഴയോര റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും കരാറുകാരന് ബില്ല് പാസാക്കി നല്‍കാന്‍ അസി. എഞ്ചിനീയര്‍ വിസമ്മതിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
പ്രളയത്തില്‍ ഇടിഞ്ഞു താഴ്ന്ന റോഡ് ബലപ്പെടുത്തുതിനായി കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം 19 ലക്ഷം രൂപയ്ക്കുള്ള ഇ -ടെണ്ടര്‍ ക്ഷണിച്ചിരുന്നു. കരിമണ്ണൂര്‍ സ്വദേശിയായ കരാറുകാരന്‍ നിശ്ചിതതുകയില്‍ നിന്നും 3.5 ലക്ഷം രൂപയ്ക്ക് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗം പണികളും തീര്‍ത്താണ് ബില്ല് പാസാക്കാന്‍ എ.ഇയെ സമീപിച്ചത്. എന്നാല്‍ മൂന്ന് മീറ്റര്‍ വീതിയില്‍ കമ്പിയിട്ട് നിര്‍മാണ പ്രവര്‍ത്തനം നടത്തേണ്ടിയില്ലായിരുന്നെന്നും ടെണ്ടര്‍ സമര്‍പ്പിച്ചപ്പോള്‍ ലൈസന്‍സിന്റെ കോപ്പി കരാറുകാരന്‍സമര്‍പ്പിച്ചില്ലെന്നുമുള്ള കാരണത്താല്‍ ബില്ല് പാസാക്കി നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് കരാറുകാരനെ മടക്കി അയക്കുകയായിരുന്നു.തുടര്‍ന്ന് കരാറുകാരന്‍ അസി. എക്‌സി.എഞ്ചിനീയറെ സമീപിച്ചപ്പോള്‍ ശരിയായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഇയാള്‍ നഗരപരിധിയില്‍ പതിവായി നഗരസഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുതിനാല്‍ ലൈസന്‍സ് കോപ്പി പിന്നീട് ചേര്‍ത്താല്‍ മതിയെന്നും അറിയിച്ചു.
ഇതെ തുടര്‍ന്ന് വീണ്ടും കരാറുകാരന്‍ എ.ഇയെ സമീപിച്ചെങ്കിലും മാര്‍ച്ച് അവസാനംവരെ ഒരോ കാരണങ്ങള്‍ പറഞ്ഞ് ബില്ല് പാസാക്കാതെ തുക സ്പ്പില്‍ഓവര്‍ ആക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഓവര്‍സീയറും അസി. എക്‌സി. എഞ്ചിനീയറും ബില്ല് പാസാക്കി നല്‍കാന്‍ തയാറാകുമ്പോഴും അസി. എഞ്ചിനീയര്‍ ബില്ലില്‍ ഒപ്പിടാന്‍ തയാറായില്ലെന്ന് കരാറുകാരനും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."