സമാന്തര പാത നിര്‍മ്മിച്ചു; കത്തിപ്പാറിയില്‍ ഗതാഗതം പുനസ്ഥാപിച്ചു
അടിമാലി: ദേശീയപാത 185 ന്റെ ഭാഗമായ കത്തിപ്പാറയില്‍ ഗതാഗതം പുനസ്ഥാപിച്ചു. മലയിടിച്ചിലില്‍ തകര്‍ന്ന 50 മീറ്ററോളം റോഡിന് സമാന്തരമായി പുതിയപാത നിര്‍മ്മിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗതം പുനസ്ഥാപിച്ചതോടെ അടിമാലി വെള്ളത്തൂവല്‍ മേഖലയിലേക്ക് ബസ്സ് സര്‍വ്വീസും പുനരാരംഭിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുതിയ പാത നിര്‍മ്മിച്ചത്. ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചെങ്കിലും പുതിയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളു.സമാന്തരമായി നിര്‍മ്മിച്ച പാതയില്‍ വലിയപാറകളുണ്ടായിരുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നെങ്കിലും രണ്ടുദിവസങ്ങള്‍കൊണ്ട് പറകള്‍ നീക്കം ചെയ്താണ് ഇന്നലെ രാവിലെയോടെ ഗതാഗതം പുനസ്ഥാപിച്ചത്. നാലുദിവസങ്ങളായി ചെറുവാഹനങ്ങള്‍ മാത്രം കടത്തിവിട്ടുകൊണ്ട് ആദ്യഘട്ടത്തില്‍ ഗതാഗതം പുനസ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച സാഹചര്യത്തില്‍ താല്‍ക്കാലികമായി വീണ്ടും ഗതാഗതനിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. പുതിയപാതയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടാനുള്ള തീരുമാനം അധികൃതര്‍ സ്വീകരിച്ചു. കല്ലാര്‍കുട്ടി, മാങ്കടവ്, തോട്ടാപ്പുര, വെള്ളത്തൂവല്‍, ശല്ല്യാംപാറ തുടങ്ങിയമേഖലകളിലേക്ക് വാഹനയാത്രികര്‍ക്ക് നിലവില്‍ കത്തിപ്പാറവഴി സഞ്ചരിക്കാന്‍ സാധിക്കും.
മലയിടിച്ചിലില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട പന്നിയാര്‍കുട്ടിയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പന്നിയാര്‍കുട്ടി വഴി രാജാക്കാട്,രാജകുമാരി മേഖലകളിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള സജ്ജീകരണവും പൂര്‍ത്തിയാക്കി. അടിമാലി മുതല്‍ രാജാക്കാടുവരെയുള്ള ഭാഗങ്ങളില്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ണിടിച്ചിലുണ്ടായിട്ടുള്ള വെള്ളത്തൂവല്‍, എസ്സ് വളവ്, ശല്ല്യംപാറ, മാങ്കടവ് മേഖലകളില്‍ ജെ സി ബി ഉപയോഗിച്ച് റോഡുകളിലേക്ക് വീണുകിടക്കുന്ന മണ്ണു നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. വരും ദിവസങ്ങളില്‍ ഈ മേഖലകളിലേക്ക് ബസ് സര്‍വ്വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."