ഇന്ത്യയില്‍ മോദി നിര്‍മിത ദുരന്തങ്ങള്‍; എണ്ണിപ്പറഞ്ഞ് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനം വന്‍തോതില്‍ ഇടിഞ്ഞതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യയില്‍ മോദി നിര്‍മിത ദുരന്തങ്ങളുടെ ഘോഷയാത്രയാണെന്നും ഇവയില്പെട്ട് രാജ്യത്തിനു നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ജി.എസ്.ടി വരുമാനത്തിലെ ഇടിവിനു കാരണം ദൈവത്തിന്റെ കളിയാണെന്നു പറഞ്ഞ ധനമന്ത്രി നിര്‍മല സീതാരാമനെക്കൂടി ലക്ഷ്യംവച്ചായിരുന്നു രാഹുലിന്റെ ഈ പ്രതികരണം. നേരത്തെ, സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമുണ്ടായ പ്രശ്നങ്ങള്‍ ദൈവത്തിനുമേല്‍ കെട്ടിവയ്ക്കരുതെന്ന പ്രസ്താവനയുമായി മുന്‍ ധനമന്ത്രി പി. ചിദംബരവും രംഗത്തെത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം 23.9 ശതമാനം ഇടിഞ്ഞിരുന്നു. ഇതും ലഡാക്കില്‍ വീണ്ടും ചൈന പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.
ജി.ഡി.പിയിലെ ഇടിവ്, 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ, 12 കോടി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടത്, ജി.എസ്.ടി വരുമാനത്തിലെ പ്രശ്നങ്ങള്‍, ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ മോദി നിര്‍മിത ദുരന്തങ്ങളാണെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."