HOME
DETAILS

'ഇന്ത്യ ഒന്നിച്ചു നില്‍ക്കും, കൊന്നും കൊലവിളിച്ചും നിങ്ങള്‍ക്ക് ആ ഐക്യം തകര്‍ക്കാനാവില്ല; എത്ര അടിച്ചമര്‍ത്തിയാലും ഓരോ തവണയും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും'- കഫീല്‍ ഖാന്റെ 'വിവാദ' പ്രസംഗം

  
backup
September 03, 2020 | 7:09 AM

national-speech-for-which-kafeel-khan-spent-seven-months-in-prison2020

ന്യൂഡല്‍ഹി: അലിഗഢ് സര്‍വ്വകലാശാലയില്‍ സി.എ.എ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഡോ.കഫീല്‍ ഖാനെ യു.പി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. വിദ്വേഷ പ്രസംഗം നടത്തി കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ ഫ3സംഗം രാജ്യത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നാണ് വിട്ടയക്കാനാവശ്യപ്പെട്ട് വിധി പ്രസ്താവിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി നടത്തിയ നിരീക്ഷണം. അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട ദേശസുരക്ഷ നിയമം(എന്‍.എസ്.എ) റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

കഫീല്‍ ഖാന്‍ അലീഗഡ് സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

എല്ലാവര്‍ക്കും നല്ല സായാഹ്നം ആശംസിക്കുന്നു. അല്ലാമ ഇക്ബാല്‍ സാഹിബിന്റെ പ്രസിദ്ധമായ കവിതാസമാഹാരത്തിലെ ചില വരികള്‍ ഉദ്ധരിച്ച് നമുക്ക് ആരംഭിക്കാം. 'കുച്ച് ബാത്ത് ഹേ കി ഹസ്തി മിറ്റ്ടി നഹി ഹമാരി സാദിയോ രഹാ ഹേ ദുഷ്മന്‍ ദൗറേ സമാ ഹമാര' (ലോകം മുഴുവന്‍ നമുക്കെതിരാണെങ്കിലും നമ്മള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന് ചില പ്രത്യേകതകള്‍ നിര്‍ബന്ധമായും നമുക്ക് ഉണ്ടായിരിക്കണം).

ഇവിടത്തേക്കുള്ള ഗേറ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് പോലും എനിക്ക് സിറ്റി പൊലിസ് സര്‍ക്കിള്‍ ഓഫിസറുടെ ഒരു കോള്‍ വന്നിരുന്നു. ഈ സമര വേദിയിലേക്ക് പോകരുതെന്നായിരുന്നു ആവശ്യം. പോയാല്‍ നിങ്ങള്‍ ജയിലിലാകുമെന്നും. എന്റെ വരവ് സംബന്ധിച്ച് യോഗിജിയില്‍ (യോഗി ആദിത്യ നാഥ് ) നിന്ന് നിങ്ങള്‍ക്ക് വിളി വന്നോഎന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

(പിന്നീട് കൂടി നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളോട് ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇരിക്കുകയാണെങ്കില്‍ വിശദമായി സി.എ.ബിയെ കുറിച്ചും എന്‍.ആര്‍.സിയെ കുറിച്ചും മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു)

നമ്മള്‍ ഹിന്ദുക്കളോ മുസ്‌ലിംകളോ അല്ല, മറിച്ച് മനുഷ്യരാണ് ആവേണ്ടത് എന്നാണ് നമ്മുടെ കുട്ടിക്കാലം മുതല്‍ നമ്മള്‍ക്കു പറഞ്ഞു തരുന്നത്. എന്നാല്‍, നമ്മുടെ വല്യേട്ടന്‍ (മോട്ടാ ഭായി) (അമിത് ഷാ )നമ്മെ പഠിപ്പിക്കുന്നത് നമ്മള്‍ മനുഷ്യരല്ല ആവേണ്ടത് മറിച്ച് ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ് എന്നാണ്. എന്തുകൊണ്ടായിരിക്കും അവര്‍ അങ്ങനെ പറയുന്നത്. ഒരു കൊലപാതകി, അയാളുടെ വസ്ത്രങ്ങളില്‍ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന് എങ്ങനെ അറിയാനാണ് ആ കറ എങ്ങനെ അയാള്‍ക്ക് മായ്ക്കാന്‍ കഴിയും.

1928 ല്‍ ആര്‍.എസ്.എസ് നിലവില്‍ വന്നതു മുതല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. അവര്‍ നമ്മുടെ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. പിന്നെ ഭരണഘടനയുടെ അര്‍ത്ഥമെന്തെന്ന് അവരെങ്ങിനെ അറിയാനാണ്.

നമ്മുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജി കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ബഹുസ്വരത, സാമുദായിക ഐക്യം, മാനവികത, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നതല്ലെന്നും പലരും ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്തുകാര്യം. ഇതൊക്കെ നമ്മള്‍ ആരോടാണ് പറയുന്നതെന്ന് മനസിലാക്കണം. ബാബാ സാഹിബിന്റെ(അംബേദ്കര്‍ ) ഭരണഘടനയെ ഒരിക്കലും വിശ്വസിക്കാത്തവരും ഒരിക്കല്‍ പോലും വായിക്കാത്തവരുമായ ആളുകളോടാണ് നമ്മള്‍ ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഏതാണ്ട് 90 വര്‍ഷം മുമ്പ് അവരുടെ സംഘടന നിലവില്‍ വന്ന കാലം മുതല്‍ ഈ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നിങ്ങള്‍ എല്ലാവരും വളരെ ചെറുപ്പമാണ്. അതുകൊണ്ട് അവരുടെ ലക്ഷ്യത്തിനെതിരെ പൊരുതേണ്ടത് നിങ്ങള്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എനിക്ക് അലീഗഡ് എന്നും പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ ജയിലില്‍ അടക്കപെട്ടപ്പോള്‍ എനിക്ക് വേണ്ടി ഇവിടെ വലിയ പ്രതിഷേധ മാര്‍ച്ച് നടന്നു. ജയില്‍ മോചിതനായ ശേഷം ഞാന്‍ രണ്ടോ മൂന്നോ തവണ ഇവിടെ വന്നിട്ടുണ്ട്. ഇവിടെ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവില്ല. ഇന്നലെ രാത്രി കോള്‍ വന്നപ്പോള്‍തന്നെ ഇവിടെ വരണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. എന്നെ തടയാന്‍ യോഗി ജി എത്രതന്നെ തടയാന്‍ ശ്രമിച്ചാലും എനിക്ക് അത് പ3ശ്‌നമല്ലായിരുന്നു.

പൗരത്വ ഭേതഗതി ബില്‍ യഥാര്‍ഥത്തില്‍ എന്താണെന്നതിനെക്കുറിച്ച് ആദ്യം സംസാരിക്കാം. യഥാര്‍ത്ഥത്തില്‍ ഇത് എന്താണെന്ന് എത്ര പേര്‍ക്ക് അറിയാം എല്ലാവര്‍ക്കും അറിയാമോ എന്തിനാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചത് 2015ലും ഇതിന് വേണ്ടിയുള്ള ഒരു ശ്രമം നടന്നിരുന്നു. അസമില്‍ അവര്‍ നടപ്പാക്കിയ എന്‍.ആര്‍.സി പ്രകാരം 19 ലക്ഷം പേര്‍ പൗരന്മാര്‍ അല്ലാതായി.

അവരില്‍ 90% പേരും എന്‍.ആര്‍.സി.യില്‍ അവര്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ജന വിഭാഗമാണ്. ഇത് അവര്‍ക്ക് വലിയ തിരിച്ചടിയായി. അതാണ് പൗരത്വ ഭേദഗതി ബില്‍ പെട്ടെന്ന് അവതരിപ്പിക്കാനുള്ള കാരണം. ആദ്യം എന്താണ് ചെയ്യേണ്ടത് എന്ന് പോലും അവര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അല്ലാത്തപക്ഷം, കശ്മീര്‍ പ്രശ്‌നത്തിനുശേഷം കുറച്ചു കാലത്തേക്ക് അവര്‍ നിശബ്ദത പാലിക്കേണ്ടതായിരുന്നു.

അതിനാല്‍, അവര്‍ സി.എ.ബി കൊണ്ടുവന്നു. അതില്‍ അവര്‍ മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കുന്നതായിരുന്നു അത്. മുസ്‌ലിങ്ങള്‍ എന്നാല്‍ നിരീശ്വരവാദികളോ റോഹിംഗ്യകളോ ആരുമാവട്ടെ (എനിക്ക് പ്രത്യേക്ച്ച് പേര് പറയാന്‍ കിട്ടുന്നില്ല) മുസ്‌ലിം നാമധാരികളായ എല്ലാവരും ഉള്‍പ്പെടുന്നതായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വെച്ച് മതപരമായ പീഡനങ്ങള്‍ നേരിട്ട് ഇന്ത്യയിലേക്ക് വന്ന അഞ്ചോ ആറോ മതക്കാര്‍ക്ക് മാത്രം പൗരത്വം നല്‍കുമെന്ന് അതില്‍ പറയുന്നു. പക്ഷെ മുസ്‌ലിങ്ങള്‍ക്ക് മാത്രം ഇത് ബാധകമല്ല.

എന്നാല്‍ ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. അമിത് ഷാ ജി ഇന്നലെ പറഞ്ഞതുപോലെ, ഇത് പൗരത്വം നല്‍കുന്ന കാര്യമാണ്. അല്ലാതെ മുസ്‌ലിങ്ങളില്‍ നിന്ന് തിരിച്ചെടുക്കുന്ന കാര്യമല്ല. പിന്നെ നിങ്ങള്‍ എല്ലാവരും എന്തിനാണ് പ്രതിഷേധിക്കുന്നത് നിങ്ങള്‍ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് അദ്ദേഹം പറയുന്നത്.

എന്‍.ആര്‍.സി പ്ലസ് സി.എ.ബി എന്നത് മാരകമായ വാക്കുകളാണ്. ഇപ്പോള്‍ അവര്‍ ഒരു ചെറിയ മതില്‍ പണിയുകയാണ്. പിന്നീട് അവര്‍ അതില്‍ ഒരു പൂര്‍ണ്ണമായ കെട്ടിടം തന്നെ നിര്‍മ്മിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 90 വര്‍ഷമായി അവര്‍ നമ്മുടെ യുവാക്കളുടെ മനസ്സില്‍ നിറച്ച വിദ്വേഷത്തിന്റെ ഫലമാണിത്.

കാറില്‍ വരുമ്പോള്‍ ഡ്രൈവര്‍ യോഗേന്ദ്ര ജിയുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു, സാധാരണ ഗ്രാമീണരായ ഞങ്ങള്‍ക്ക് ഭരണഘടന എന്നത് എസ്.എച്ച്.ഒ(പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീര്‍)യില്‍ മാത്രം പരിമിതമാണ്. അദ്ദേഹം എന്താണോ പറയുന്നത് അതാണ് ഞങ്ങള്‍ക്ക് ഭരണഘടന.

2014 മുതലുള്ള എസ്.എച്ച്.ഒ മാര്‍ക്ക് ഈ ഗ്രാമീണരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം. അവര്‍ രണ്ടാംകിട പൗരന്മാരാണ് എന്നും ഇത് അവരുടെ രാജ്യമല്ലെന്നും അവരെ നിരന്തരം ഓര്‍മിപ്പിക്കും. നിങ്ങള്‍ എപ്പോഴെങ്കിലും അവര്‍ക്ക് എതിരെ സംസാരിച്ചാല്‍, അപ്പോള്‍ അവര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം നിങ്ങളോട് കാണിക്കും. ഇതാണ് നമ്മള്‍ പ്രതിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം.

ഈ ബില്ല് ഇപ്പോള്‍ 'ബഹുമാനപ്പെട്ട' സഭ അംഗീകരിച്ചിരിക്കുകയാണ്. എന്‍.ആര്‍.സി നടപ്പിലാക്കപെടുമ്പോഴാണ് നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത്.
അപ്പോള്‍ എന്താണ് എന്‍.ആര്‍.സി. എന്‍.ആര്‍.സി അസമിനായി ഉണ്ടാക്കിയതാണ്. അതിനു വേണ്ടി ഇന്ത്യന്‍ രജിസ്റ്റര്‍ ഉണ്ടാക്കുകയും അതില്‍ 2019 ല്‍ ഭേദഗതി വരുത്തിയിരിക്കുകയുമാണ്. പൂര്‍ത്തിയായ ആ പട്ടിക ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആ പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ തയ്യാറെടുപ്പുകളും അവര്‍ നടത്തി കഴിഞ്ഞു.

അതിനാല്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ഒരു മൂല്യവും ഇനി ഉണ്ടാവില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്. ഇനി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടത് ജനന സര്‍ട്ടിഫിക്കറ്റാണ്. 1950 മുതല്‍ 1987 വരെയുള്ള കാലയളവില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജനിച്ചയാളാണെങ്കില്‍ നിങ്ങള്‍ ഒരു പൗരനാണ്. അല്ലാത്തപ ക്ഷം, നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ല. നിങ്ങളുടെ മാതാപിതാക്കളില്‍ ആരെങ്കിലും 1987-2004 കാലഘട്ടത്തില്‍ ജനിച്ചവരാണെങ്കില്‍, നിങ്ങള്‍ ഒരു പൗരനാണെന്നാണ് അടുത്ത മാനദണ്ഡത്തില്‍ പറയുന്നത്. എന്നാല്‍ 2004 ന് ശേഷം ഇന്നുവരെ, മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ മാത്രമേ നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍ ആവുകയുള്ളൂ. നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ നിങ്ങളെ ഒഴിവാക്കുമെന്ന് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല.

അപ്പോള്‍ നമ്മള്‍ കുഴപ്പത്തിലാണോ? പിന്നെ എന്തിനാണ് നമ്മള്‍ പ്രതിഷേധിക്കുന്നത്. കാരണം അവരുടെ ഉദ്ദേശ്യമെന്താണെന്ന് നമുക്കറിയാം. വെളുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിലും അവരുടെ മനസ്സ് എത്ര ഇരുണ്ടതാണ് എന്ന് നമുക്കറിയാം. അവരെന്താണ് ചിന്തിക്കുന്നതെന്നും അവരുടെ മനസ്സിലെന്താണെന്നും നമുക്കറിയാം. വിദ്വേഷം മാത്രമാണ് അവരുടെ മനസ്സ് നിറയെ.

നമ്മുടെ സര്‍ട്ടിഫിക്കറ്റുകള്‍, പിതാവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, മാതാവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, നിയമപരമായ രേഖകള്‍ എന്നിവ ലഭിക്കാന്‍ അവര്‍ മന:പൂര്‍വ്വം നമ്മെ ഓടിക്കും. അങ്ങനെ അവര്‍ ലക്ഷക്കണക്കിന്, കോടിക്കണക്കിന് ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

എന്നാല്‍ നമ്മളെ എല്ലാവരേയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കും എന്ന അഭ്യൂഹം ഒരിക്കലും നടക്കാന്‍ പോകുന്നിലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. മനസ്സിലായോ?. അസമിലെ ആറു ലക്ഷം പേരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാന്‍ ഇരുപത്തി മൂവായിരം കോടി രൂപയുടെ ബഡ്ജറ്റ് ആവശ്യമാണ്. അസമിലെ എന്‍.ആര്‍.സിക്ക് വേണ്ടി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് പറയപ്പെടുന്നു. 1600 കോടി ആണെന്നും റിപ്പോര്‍ട്ട് ഉണ്ട്. അങ്ങിനെയെങ്കില്‍ ഇന്ത്യ മുഴുവന്‍ ഇത് തയ്യാറാക്കാന്‍ 30,000 കോടി രൂപ ആവശ്യമായി വരും.

നമ്മള്‍ സൗജന്യ വിദ്യാഭ്യാസം ആവശ്യപ്പെടുമ്പോള്‍, പണമില്ലെന്ന് അവര്‍ പറയുന്നു. ജെ.എന്‍.യുവിലെ ഫീസ് വര്‍ദ്ധിപ്പിക്കണം എന്ന് പറയുന്നു. ബി.ആര്‍.ഡിയില്‍ (ബാബ രാഗ്‌ദേവ് ദാസ് മെഡിക്കല്‍ കോളേജ് ) 70 കുട്ടികള്‍ മരിച്ച അതേ വര്‍ഷം മാത്രം ഇന്ത്യയില്‍ എട്ടു ലക്ഷം കുട്ടികള്‍ മരിച്ചു. ഞാന്‍ 'ഹെല്‍ത്ത് ഫോര്‍ ഓള്‍' എന്ന ഒരു ക്യാപയിന്‍ നടത്തുന്നുണ്ട്. ഞാന്‍ അതില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടനുബന്ധിച്ച് 13 മുഖ്യമന്ത്രിമാരെ ഞാന്‍ കണ്ടു. മാത്രമല്ല, നമ്മുടെ ആരോഗ്യമന്ത്രിയെ കാണുകയും ഒരു പ്രപ്പോസല്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയേതര ആരോഗ്യ പ്രവര്‍ത്തകര്‍, സുപ്രിം കോടതി അഭിഭാഷകര്‍, സി.ഇ.ഒമാര്‍, ഐ.ഐ.ടിയന്‍മാര്‍ എന്നിവരടങ്ങുന്ന 25 പേരടങ്ങുന്ന ഒരു സംഘം ആണ് ഞങ്ങള്‍. ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. യു.എന്‍, യുണിസെഫ്, ലോക ബാങ്ക്, ലോകാരോഗ്യ സംഘടന എന്നിവയില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചു. ആ ഡാറ്റ വളരെ ദാരുണമായിരുന്നു. നമ്മുടെ ജനസംഖ്യയുടെ 50% പോഷകാഹാരക്കുറവുള്ളവരാണ്. എയ്ഡ്‌സ്, എച്ച്.ഐ.വി എന്നിവ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രമേഹത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ്. ജനസംഖ്യയിലെ 72%പേര്‍ക്കും ആരോഗ്യ സൗകര്യങ്ങളില്ല. അവര്‍ക്ക് ഹൃദയാഘാതം വന്നാല്‍, ഒരു ഡോക്ടറെ കാണിക്കണമെങ്കില്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും.

ഗവേഷണ പ്രകാരം, കുപ്രസിദ്ധരായ വ്യാജ ഡോക്ടര്‍മാരാണ് യഥാര്‍ത്ഥത്തില്‍ പലയിടത്തും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നത്. അവരുമില്ലെങ്കില്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. ലോകത്തിലെ ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നട്ടെല്ലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്ത് പലയിടത്തും ഇല്ല. ഇത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.

ഞാന്‍ അതിനെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. ഞാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച് എല്ലാവരോടും ഈ കാര്യങ്ങള്‍ പറയുകയാണ്. ഞാന്‍ ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. അത്‌കൊണ്ട് തന്നെ എന്റെ പ്രസംഗം കേട്ട് പലരും ബോറടിക്കുന്നുണ്ടാകും. എന്നാല്‍ ഇതാണ് സത്യം.


നിങ്ങള്‍ക്ക് എന്താണ് ആവശ്യം എന്ന് ജനങ്ങളോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ഇതാണ് : ദിവസവും രണ്ട് നേരത്തെ ഭക്ഷണം, കുട്ടികള്‍ക്ക് സുഖമില്ലാതാകുമ്പോള്‍ അവരെ ചികില്‍സിക്കാനുള്ള നല്ല മെഡിക്കല്‍ സൗകര്യങ്ങള്‍, അവരുടെ വിദ്യാഭ്യാസത്തിനായി നല്ല കോളേജുകളും സര്‍വ്വകലാശാലകളും. എ.എം.യു, ജെ.എന്‍.യു, ഐ.ഐ.ടി, ഐയിംസ് പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസം നേടിയതിനുശേഷം ഒരു നല്ല ജോലി. അതെ കഴിഞ്ഞ 70 വര്‍ഷമായി നമ്മുടെ ആവശ്യം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ മാത്രമാണ്. ഇത് നമ്മുടെ മാത്രം ആവശ്യമല്ല, രാജ്യത്തെ മുഴുവന്‍ ദരിദ്ര ജനങ്ങളുടേതുമാണ്.

എന്നാല്‍ അവര്‍ സംസാരിക്കുന്നത് ഷംഷാന്‍, ഖബറിസ്താന്‍ (ശ്മശാനം ഖബര്‍ സ്ഥാന്‍ ), അലിബജ്രംഗ് ബാലി, 'നിങ്ങളുടെ' കശ്മീര്‍, രാം മന്ദിര്‍, സി.എ.ബി, എന്‍.ആര്‍.സി എന്നിവയെ കുറിച്ചൊക്കെയാണ്. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ അവസരം ഉണ്ടാക്കും എന്ന അവര്‍ നല്‍കിയ വാഗ്ദാനത്തെക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല.

നേരത്തെ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നമുക്ക് നല്‍കുന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ അവര്‍ നശിപ്പിച്ചു. ചെറുകിട വ്യവസായികള്‍ പാപ്പരായി. താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാല്‍ നിങ്ങള്‍ മാത്രമല്ല അസ്വസ്ഥരെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. അവരുടെ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നതിലൂടെ അവര്‍ സമ്പദ്‌വ്യവസ്ഥ, തൊഴില്‍, റോഡുകള്‍, പാര്‍പ്പിടം എന്നിവയിലെ പ്രശ്‌നങ്ങള്‍ മറക്കുകയാണ്. അതിനാലാണ് നിങ്ങള്‍ അതേകുറിച്ചൊന്നു ചോദിക്കുക പോലും ചെയ്യാത്തത്.

എന്തുകൊണ്ടാണ് മോബ് ലിഞ്ചിങ് (ആള്‍ക്കൂട്ട കൊലപാതകങ്ങള്‍) നടക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകം ഒരു സംഘടിത കുറ്റമാണ്. എങ്ങനെ ആക്രമിക്കാമെന്ന് പരിശീലനം ലഭിച്ച ഒരു ജനക്കൂട്ടമാണ് അത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഒരു കൊലപാതകി ആയാളുടെ ക്രൂര കൃത്യത്തിന്റെ വീഡിയോ നിര്‍മ്മിക്കുന്നത്. അവര്‍ തന്നെ വീഡിയോ റെക്കോര്‍ഡുചെയ്യുന്നു. ഫേസ്ബുക്കില്‍ അപ്‌ലോഡുചെയ്യുന്നു.ഡല്‍ഹിയില്‍ ഇരിക്കുന്ന അവരുടെ മുതിര്‍ന്ന ഏമാന്മാര്‍ അതിലൂടെ സന്തുഷ്ടരാകുമെന്നും അവരെ ഏത് വിധേനയും രക്ഷിക്കുമെന്നും അവര്‍ മനസിലാക്കുന്നു. ഒരു സമുദായക്കാര്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതിനും മറ്റ് സമൂഹത്തില്‍ ഒരുതരം കപടഭക്തി സൃഷ്ടിക്കുന്നതിനുമുള്ള ഉപാധി കൂടിയാണ് അവര്‍ക്ക് ആള്‍ക്കൂട്ട അക്രമണം.

കപട ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ യഥാര്‍ത്ഥത്തില്‍ കപട ദേശീയതയാണ്. നമ്മുടെ മുഴുവന്‍ പ്രതിപക്ഷവും മൃദു ഹിന്ദുത്വ സമീപനം കാത്തു സൂക്ഷിക്കുന്നവരാണ്. അതിനാല്‍ നമ്മള്‍ മാത്രമേ ഇതിനെതിരെ സംസാരിക്കാനും പോരാടാനുമുള്ളൂ. രണ്ട് മാസം മുമ്പ് എനിക്ക് ഒരു ക്ലീന്‍ ചിറ്റ് ലഭിച്ച കാര്യം നിങ്ങള്‍ കേട്ടിരിക്കും . യോഗി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. ഡോ. കഫീല്‍ ഒരു കൊലപാതകിയാണ്, അഴിമതിയില്‍ പങ്കാളിയാണ്, എല്ലാ കുട്ടികളും അദ്ദേഹം കാരണമാണ് മരിച്ചത് എന്നതൊക്കെ ആയിരുന്നു ആ കമ്മിറ്റി അന്വേഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡോ. കഫീല്‍ വളരെ ജൂനിയറായ ഒരു ഡോക്ടറാണെന്നും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചിലവാക്കി സിലിണ്ടറുകള്‍ വാങ്ങി അദ്ദേഹം നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ചതായും ആ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പിന്നെ എന്തുചെയ്യാന്‍ കഴിയും ഇനി എങ്ങനെ എന്നോട് പ്രതികാരം ചെയ്യാം എന്ന് യോഗി ജി ചിന്തിച്ചു. അതിനാല്‍, അവര്‍ എന്നെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ഞാന്‍ സര്‍ക്കാരിനെതിരെ സംസാരിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. അതിനാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു : 'ഇസ് സുല്മ് കെ ദൗര്‍ മെ സുബാന്‍ ഖൊലെഗ കോന്‍, അഗര്‍ ഹം ഭി ചുപ് രഹേ ഘേ തോ ബൊലേഗ കോന്‍ ' (അനീതിയുടെ ഈ കാലത്ത് ആരാണ് നീതിക്കു വേണ്ടി ശബ്ദിക്കുക. ഇനി നമ്മളും മൗനം പാലിക്കുന്നുവെങ്കില്‍ പിന്നെ ആരാണ് സംസാരിക്കുക ).

ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ വെറും താത്കാലികമായ ചില മുഖങ്ങള്‍ മാത്രമാണ്. എന്നാല്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസി.ന്റെ പ്രത്യയശാസ്ത്രം വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും അത് ശാഖകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മനസിലാക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. നാം ഇത് മനസിലാക്കേണ്ടതുണ്ട്. സമ്പന്നവും ഐക്യവുമുള്ള ഇന്ത്യയില്‍ വിശ്വസിക്കുന്ന എന്റെ എല്ലാ സഹോദരങ്ങളോടും ഈ ക്രൂരമായ നിയമത്തെ എതിര്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
മുസ്‌ലിങ്ങള്‍ മാത്രമല്ല എല്ലാവരും പ്രതിഷേധിക്കട്ടെ

മുസ്‌ലിങ്ങള്‍ മാത്രമല്ല എല്ലാവരും രംഗത്ത് വരണം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം എങ്ങനെയാണ് നിശ്ചയിക്കല്‍ എന്ന് നമ്മളെല്ലാവരും ചോദിക്കണം. നമ്മുടെ ഇന്ത്യന്‍ ഭരണഘടനയില്‍ ഇത് എവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നമ്മള്‍ ലോക പൗരന്മാരാണ്. ഈ അതിരുകള്‍ രാഷ്ട്രീയക്കാര്‍ അവരുടെ താല്‍പര്യത്തിന് വേണ്ടി നിശ്ചയിച്ചതാണ്. നിങ്ങള്‍ മാത്രമേ ഇതിനെതിരെ പൊരുതാനുള്ളൂ.ഫീസ് വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയില്‍ ഒന്നടങ്കം ജെ.എന്‍.യു നേതൃ പരമായ പങ്കു വഹിക്കുന്നത് പോലെ ഈ പോരാട്ടത്തില്‍ അലിഗഡ് നേതൃ പദവിയില്‍ എത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  5 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  5 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  5 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  6 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  6 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  6 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  6 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  7 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  7 hours ago