നെടുമ്പാശ്ശേരിയില്‍ വീണ്ടും വിമാന ഇരമ്പല്‍
നെടുമ്പാശ്ശേരി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വീണ്ടും വിമാനങ്ങളുടെ ഇരമ്പല്‍. പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ വിമാനമാണ് വിമാനത്താവളം തുറന്ന ശേഷം ആദ്യമെത്തിയത്.
പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. തുടര്‍ന്നുണ്ടായ ശക്തമായ പ്രളയത്തില്‍ പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകളാണ് വിമാനത്താവളത്തിന് സംഭവിച്ചത്. വൈദ്യുതി വിതരണ സംവിധാനം, റണ്‍വേ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. പുതിയ ടി 3 ടെര്‍മിനലിലും വെള്ളം കയറി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് വിമാനത്താവളം തുറക്കാന്‍ അനുമതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് ആദ്യ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യമായി ടേക് ഓഫ് ചെയ്തത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വി.ഐ.പി യാത്രക്കാരനുമുണ്ടായിരുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഇന്നലെ ഉച്ചയോടെയാണ് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളം പ്രവര്‍ത്തന സജ്ജമായതോടെ രാഹുല്‍ തുടര്‍യാത്ര ഇവിടെ നിന്ന് ആക്കുകയായിരുന്നു. വൈകിട്ട് 4.30 ഓടെ മസ്‌കത്തില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനമാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ ആദ്യമെത്തിയത്. വിമാനത്താവളം പൂര്‍ണ സജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അര്‍ധരാത്രി വരെ 33 ലാന്‍ഡിങും 30 ടേക് ഓഫും നടന്നു. ഒരു സര്‍വിസ് പോലും റദ്ദുചെയ്തിട്ടില്ല. വെള്ളം ഇറങ്ങിയതിനു ശേഷം കഴിഞ്ഞ ഇരുപതാം തിയതി മുതല്‍ ആയിരം തൊഴിലാളികളും അത്യാധുനിക ഉപകരങ്ങളും 24 മണിക്കൂറും അത്യധ്വാനം ചെയ്താണ് ഇന്നലെ വിമാനത്താവളം സര്‍വിസിന് സജ്ജമാക്കിയത്.
നാവിക വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസ് നിര്‍ത്തി
കൊച്ചി: വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള ചെറുവിമാനങ്ങളുടെ ആഭ്യന്തര സര്‍വിസ് ഇന്നലെ ഉച്ചയോടെ അവസാനിപ്പിച്ചു. പ്രളയത്തെതുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് നാവികസേന വിമാനത്താവളം യാത്രാക്കാര്‍ക്കായി തുറന്നുകൊടുത്തത്.
18 വര്‍ഷത്തിനുശേഷമായിരുന്നു നാവിക വിമാനത്താവളം യാത്രാ വിമാനസര്‍വിസിന് സജ്ജമാക്കിയത്. ഇന്നലെ മുതല്‍ നെടുമ്പാശ്ശേരിയില്‍നിന്ന് വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിച്ചതിനെതുടര്‍ന്നാണ് നാവികത്താവളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ നിര്‍ത്തിയത്.
ഇക്കഴിഞ്ഞ 20നാണ് ആദ്യ സര്‍വിസ് ആരംഭിച്ചത്. ഇന്നലെവരെ ഏതാണ്ട് പതിനായിരത്തോളം പേരാണ് നാവികസേനാ വിമാനത്താവളംവഴി യാത്ര ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."