മധ്യേഷ്യ വീണ്ടും സങ്കീര്‍ണതയിലേക്ക്; ഇറാന്‍ നടപടിക്കെതിരേ പ്രതികരിക്കാന്‍ തയാറെന്ന് അമേരിക്ക
റിയാദ്: ഇറാനെതിരേ അമേരിക്ക നടപടികള്‍ കടുപ്പിച്ചതോടെ മധ്യേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്കെന്നു റിപ്പോര്‍ട്ടുകള്‍. ആണവകരാറില്‍നിന്നും പിന്‍വാങ്ങിയ അമേരിക്ക ഇറാനെതിരേ ഉപരോധം കൂടുതല്‍ കര്‍ശനമാക്കുകയും ഇതിന്റെ ഭാഗമായി എണ്ണയിറക്കുമതിയില്‍നിന്നും അടുത്തമാസം രണ്ടു മുതല്‍ രാജ്യങ്ങള്‍ പിന്‍വാങ്ങുകയും ചെയ്യണമെന്ന നിര്‍ദേശം കൂടി പുറപ്പെടുവിച്ചതോടെ ഇതിനെതിരേ ശക്തമായ രീതിയില്‍ ഇറാന്‍ പ്രതികരിച്ചതും തുടര്‍നടപടികള്‍ കൈക്കൊണ്ടതുമാണ് മധ്യേഷ്യയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ഇതിനിടെ അന്താരാഷ്ട്ര കപ്പല്‍ പാതക്കു സമീപം നിലയുറപ്പിച്ച അമേരിക്കന്‍ യുദ്ധക്കപ്പലിനു സമീപം കഴിഞ്ഞ ദിവസം ഇറാന്റെ ചാര ഡ്രോണ്‍ പറന്നത് കൂടുതല്‍ ഗൗരവമായാണ് കാണുന്നത്. കൂടുതല്‍ നടപടികള്‍ ഉണ്ടായാല്‍ ഹോര്‍മുസ് കടലിടുക്കിലെ പാത അടക്കുമെന്ന ഇറാന്‍ ഉന്നതരുടെ പ്രഖ്യാപനം വന്നതിനോടൊപ്പമാണ് അമേരിക്കന്‍ യുദ്ധക്കപ്പലിന് സമീപം ഇറാന്‍ ചാര ഡ്രോണ്‍ പറന്നതായി കണ്ടെത്തിയത്.
എന്നാല്‍, ഇതിനെതിരേ ശക്തമായി രംഗത്തുവന്ന അമേരിക്ക പ്രതികരിക്കുമെന്നും കൂടുതല്‍ പ്രകോപന പ്രവര്‍ത്തനങ്ങള്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ തിരിച്ചടിക്കുമെന്നും അമേരിക്ക വെളിപ്പെടുത്തി.
അബാബീല്‍ മൂന്ന് എന്ന ചാര ഡ്രോണ്‍ അമേരിക്കന്‍ വിമാന വാഹിനി യുദ്ധക്കപ്പലിനു സമീപം ചാരക്കണ്ണുകളുമായി പറക്കുന്ന വിഡിയോ ഇറാന്‍ വാര്‍ത്താ ഏജന്‍സി തസ്‌നീമാണ് പുറത്തുവിട്ടത്. സിപാഹ് എന്ന ഇറാന്‍ നേവി ഫോഴ്‌സ് അമേരിക്കന്‍ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും തസ്‌നീം റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."