കൊവിഡ്: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്ക് എന്തുചെയ്തു?
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം. ഇതു സംബന്ധിച്ച സത്യവാങ്മൂലം നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
രാജ്യസഭാംഗവും അഭിഭാഷകനുമായ അശ്വനി കുമാറിന്റെ ഹരജിയില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. സുഭാഷ് റെഡ്ഡി, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് ഏല്‍ക്കേണ്ടിവന്ന നിരവധി പ്രയാസങ്ങള്‍ ഹരജിക്കാരന് ഇന്നലെ കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി.
ഇന്ത്യയൊരു വലിയ രാജ്യമാണെന്നും സംസ്ഥാനങ്ങളാണ് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കേണ്ടതെന്നുമായിരുന്നു ഇതിന് സുപ്രിംകോടതിയുടെ മറുപടി. അഭയകേന്ദ്രങ്ങള്‍ പോലുള്ള വിവിധ സ്ഥാപനങ്ങളില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മാസ്കുകള്‍, സാനിറ്റൈസറുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്യണമെന്ന് ഓഗസ്റ്റ് നാലിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അതോടൊപ്പം തനിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്മാരെ കണ്ടെത്തി അവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പാലിക്കപ്പെട്ടോയെന്നും കോടതി ഉറപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."