കഞ്ചാവ് സംഘത്തിന്റെ ബോംബേറ് കേസ്: ഏഴു പേര്‍ അറസ്റ്റില്‍
തൃശൂര്‍: മുണ്ടൂര്‍ ഇരട്ടക്കൊലപാതകത്തിന് കാരണമായ കഞ്ചാവ് സംഘത്തിന്റെ ബോംബേറു കേസില്‍ ഏഴുപേര്‍ പിടിയില്‍.
തവളകുളം ഈച്ചരത്ത് വീട്ടില്‍ പ്രതീഷ് (25), പേരാമംഗലം കല്ലിങ്കല്‍ വീട്ടില്‍ സാംജി എന്ന ശ്യാമുട്ടന്‍ (23), പേരാമംഗലം കാവുങ്കല്‍ വീട്ടില്‍
റെജിന്‍ എന്ന കണ്ണന്‍ (25),കൊടമടചള്ള വീട്ടില്‍ ജഗദീഷ് എന്ന ജഗതി (27), വെട്ടിക്കാട്ടില്‍ വീട്ടില്‍ വിനു എന്ന ഉണ്ണികുട്ടന്‍ (30), മുതുവറ പള്ളികടവില്‍ വീട്ടില്‍ അമല്‍ (23), കൈപ്പറമ്പില്‍ വീട്ടില്‍ കമലേഷ് എന്ന കമലു (23) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള കുടിപ്പകയെ തുടര്‍ന്ന് എതിരാളികളുടെ വീട്ടിലേക്ക് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്തിനും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വീടും വാഹനങ്ങളും തല്ലി തകര്‍ത്തതിനുമാണ് അറസ്റ്റ്.
ഏപ്രില്‍ 22 നാണ് കേസിനാസ്പദമായ സംഭവം. ഇതിന്റെ തുടര്‍ച്ചയായാണ് 24ന് ദാരുണമായ ഇരട്ടക്കൊലപാതകം മുണ്ടൂര്‍ പാറപ്പുറത്ത് നടന്നത്.
ബോംബേറു കേസില്‍ പ്രസാദ് എന്ന് വിളിക്കുന്ന ശംഭു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൂട്ടാളികളായ മറ്റു പ്രതികളെ പൊലിസ് തേടുന്നുണ്ട്.സിറ്റി പൊലിസ് കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്രയുടെ നിര്‍ദേശ പ്രകാരം അസി. കമ്മിഷണര്‍ പി. ബിജുരാജ്, പേരാമംഗലം ഇന്‍സ്‌പെക്ടര്‍ എ.എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."