ദുരിതാശ്വാസ സംഭാവനകള്‍ പ്രത്യേക അക്കൗണ്ടായി സൂക്ഷിക്കണം: കെമാല്‍ പാഷ
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭാവനകള്‍ ഒരു പ്രത്യേക അക്കൗണ്ടായി സൂക്ഷിക്കണമെന്നു റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ഇതിനു യാതൊരു നിയമതടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സംഭാവനകള്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കുതന്നെ ലഭിക്കുന്നതിനു വേണ്ടിയാണിത്. ദുരിതാശ്വാസ ക്യാംപുകളിലുണ്ടായ ഒരുമയും സാഹോദര്യവും എന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ 165ാം ജയന്തി പുരസ്‌കാരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയില്‍നിന്നുള്ള സാമ്പത്തിക സഹായം കേരളത്തിന്റെ അവകാശമാണ്. യു.എ.ഇ എന്നതു മലയാളികള്‍ പടുത്തുയര്‍ത്തിയതാണ്. അത് അവിടത്തെ ഭരണാധികാരികള്‍ക്കു നല്ലതുപോലെ അറിയാം. വിദേശത്തുനിന്നു സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര നിലപാട് മാറ്റണം.
കേരളത്തിലെ ജനങ്ങള്‍ നാണംകെട്ടവരാണെന്ന അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശം ഭാരതത്തിന്റെ ഭരണഘടനയ്ക്കു നിരക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജസ്റ്റിസ് കെമാല്‍ പാഷയ്ക്കു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. എസ്.ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."