പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമം ലക്ഷ്യമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ കാഴ്ചപ്പാട് വാര്‍ഷിക പദ്ധതിക്കും ബാധകമാക്കണമെന്ന് മുഖ്യമന്ത്രി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമായ കാഴ്ചപ്പാടാണ് കേരള പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പുതിയ നിര്‍മാണങ്ങള്‍ അതീജീവനശേഷിയുള്ളതാകണം.
ഈ സമീപനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ മാറ്റംവരുത്തണം. നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കി സമയബന്ധിതമായി ഓരോ പദ്ധതിയും പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ടോം ജോസും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
കേരള പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടുവച്ച കരുത്തുറ്റ വികസനം ലക്ഷ്യമാക്കുന്ന പദ്ധതി സമീപനവും നിര്‍വഹണ രീതികളും സ്വീകരിക്കണമെന്ന് സെക്രട്ടറിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഏറ്റെടുക്കുന്ന പദ്ധതികള്‍ സമൂഹത്തിന് ഏറെ പ്രയോജനകരമായും വേഗത്തിലും നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
കിഫ്ബി ധനസഹായത്തോടെയുള്ള എല്ലാ പദ്ധതികളുടെയും നിര്‍വഹണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."