യാത്രക്കാരെ വലച്ച് മെമു; പരാതിയെ പ്രതിരോധിക്കാന്‍ സമയക്രമത്തില്‍ മാറ്റം
കൊല്ലം: യാത്രക്കാരെ വലച്ചു മെമു ട്രയിന്‍ വൈകിയെത്തുന്നു. ട്രെയിനുകള്‍ വൈകുന്നതിനെതിരേ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ റെയില്‍വേ ഉന്നതര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് സമയപട്ടികയിലെ ഈ മാറ്റം.
പുലര്‍ച്ചെ 5.50ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 9.07ന് മണ്‍റോതുരുത്ത് സ്റ്റേഷനിലെത്തും. എന്നാല്‍ അവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കൊല്ലം സ്റ്റേഷനിലെത്തണമെങ്കില്‍ 52 മിനിട്ട് വേണ്ടി വരുമെന്നാണ് റെയില്‍വേ ടൈംടേബിള്‍ പറയുന്നത്. ടൈംടേബിള്‍ പ്രകാരം 9.07ന് മണ്‍റോതുരുത്തിലെത്തുന്ന ട്രെയിന്‍ ആറ് കിലോമീറ്റര്‍ അകലെയുള്ള പെരിനാട് സ്റ്റേഷനിലെത്തുന്നത് 9.49നാണ്.
പതിവായി വൈകിയെത്തുന്ന സമയം ട്രെയിന്റെ യഥാര്‍ഥ സമയമായി ടൈംടേബിള്‍ രേഖപ്പെടുത്തി യാത്രക്കാരെ പരിഹസിക്കുകയാണ് റെയില്‍വേ. മെമു കൃത്യ സമയത്ത് ഓടിയെത്തുകയാണെങ്കില്‍ 9.20ന് പെരിനാട് സ്റ്റേഷനില്‍ നിന്ന് കൊല്ലത്തേക്ക് തിരിക്കും. പക്ഷേ കൊല്ലത്തിനും പെരിനാടിനും ഇടയില്‍ 45 മിനിട്ടിലേറെ സമയം ട്രെയിന്‍ പിടിച്ചിടും. ട്രെയിനില്‍ നിന്നിറങ്ങി റോഡിലേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ ട്രെയിന്‍ എടുക്കുന്നത് വരെ കാത്തിരിക്കാന്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കഴിയുക.
കൊല്ലം സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതിനാലാണ് ഔട്ടറില്‍ പിടിച്ചിടുന്നതെന്ന വിശദീകരമാണ് റെയില്‍വേ ഇതിന് നല്‍കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ബസ് സൗകര്യം ലഭിക്കുന്ന പ്രദേശത്ത് ട്രെയിന്‍ പിടിച്ചിടണമെന്ന ആവശ്യവും റെയില്‍വേ പരിഗണിക്കുന്നില്ല.
കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ള ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10ന് എത്തേണ്ടവരാണ് മെമുവിനെ ആശ്രയിക്കുന്നത്. ഇവരുടെ നരകയാത്രയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."