ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങി ഏരുവേശി സ്വദേശിനി
ശ്രീകണ്ഠപുരം: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഭാഗമായി ഏരുവേശി സ്വദേശിയുടെ കാല്‍ക്കരുത്തും. ഏരുവേശി വെള്ളുവ കോറോത്ത് സുജാതയുടെ മകള്‍ വി.കെ വിസ്മയയാണ് വനിതാ റിലേ ടീമിനെ അവസാനലാപ്പിലെ കുതിപ്പിലൂടെ സ്വര്‍ണനേട്ടത്തിലെത്തിച്ചത്. ജീവിത പ്രാരാബ്ദങ്ങളോട് മല്ലടിച്ച് ഇന്ത്യന്‍ ടീമില്‍ എത്തിയ വിസ്മയയുടെ കുടുംബത്തിന് സ്വന്തമായി കിടപ്പാടം പോലുമില്ല. വൈദ്യുതി നിലച്ച വീട്ടില്‍ നിന്ന് വിസ്മയയുടെ പ്രകടനം കാണാന്‍ പോലും അമ്മ സുജാതക്കും അനുജത്തി വിജുഷയ്ക്കും വല്യച്ഛന്‍ സി.കെ ജനാര്‍ദ്ദനനും കഴിഞ്ഞില്ല. ഏരുവേശി കെ.കെ.എന്‍.എം എ.യു.പി, കാവുമ്പായി എല്‍.പി, പെരളം യു.പി സ്‌കൂളിലുമായായിരുന്നു പഠനം. നെടുങ്ങോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനത്തിനിടെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കായികാധ്യാപകന്‍ രാജു പോള്‍ വിസ്മയയിലെ കായിക പ്രതിഭയെ കണ്ടെത്തി. തുടര്‍ന്ന് വിനയന്‍, സുജ മേരി ജോര്‍ജ് എന്നിവരുടെ കീഴില്‍ പരിശീലനം നേടി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണിപ്പോള്‍ വിസ്മയ. അനുജത്തി വിജുഷ ഇതേ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയും. മക്കളുടെ വിദ്യാഭ്യാസത്തിനായി അമ്മ കോതമംഗലത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. സുവര്‍ണനേട്ടത്തില്‍ സന്തോഷിക്കുമ്പോഴും സ്വന്തമായി വീടെന്ന സ്വപ്നം ഈ കുടുംബത്തിന് ഇന്നും വിദൂരസ്വപ്നം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."