അന്ന ഫാത്തിമക്ക് അന്താരാഷ്ട്ര പുരസ്കാരം
നടുവണ്ണൂര്‍: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അന്ന ഫാത്തിമക്ക് അന്തര്‍ദേശീയ പുരസ്കാരവും. 'രണ്ട് പെണ്‍കുട്ടികള്‍' എന്ന സിനിമയാണ് ലവ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള പുരസ്കാരം നേടിയത്. ഇതിലെ അഭിനയത്തിന് മികച്ച യൂത്ത് ആക്ട്രസ് അവാര്‍ഡും അന്നയെ തേടിയെത്തി.
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ആണ് കുട്ടികളുടെ ചലചിത്ര മേളയായ ലവ് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറിയത്. ജിയോ ബേബി സംവിധാനം നിര്‍വഹിച്ച രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ നേരിടുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ അശ്വതി എന്ന മുഖ്യകഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ഒഡിഷ രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. നടുവണ്ണൂര്‍ ഗവര്ണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അന്ന ഫാത്തിമ നാടകരംഗത്തും സജീവമാണ്. നടുവണ്ണൂര്‍ എ.സ്.കെ.എസ് ഒരുക്കം നാടകവേദിയില്‍ അംഗമാണ്. ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സിനിമാ സംവിധായകനുമായ സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ്. സ്മിയയാണ് സഹോദരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."