HOME
DETAILS
MAL
പ്രാചീന സംസ്‌കാരങ്ങള്‍
backup
September 24 2020 | 03:09 AM
നദീതടങ്ങളില്‍ രൂപപ്പെട്ടവയാണ് പ്രാചീനമായ സംസ്‌കാരങ്ങളിലേറേയും. അതുകൊണ്ടു തന്നെ ഇത്തരം സംസ്‌കാരങ്ങളെ നദീതട സംസ്‌കാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു. വിവിധ ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്ര വിഷയമായ സംസ്‌കാരങ്ങളെക്കുറിച്ച് കൂടുതലായി വായിക്കാം
സിന്ധു നദീതട സംസ്‌കാരം
(ഹാരപ്പന്‍ സംസ്‌കാരം)
സിന്ധു നദിയുടേയും അതിന്റെ കൈവഴിയുടേയും തീരത്തുള്ള വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന സംസ്‌കാരമാണ് സിന്ധു നദീതട സംസ്‌കാരം. ഇന്നത്തെ പാക്കിസ്താനിലെ ഹാരപ്പയിലാണ് ഇതുസംബന്ധിച്ച ആദ്യത്തെ ഖനനം നടന്നത്. ഇതിനാല്‍ തന്നെ സിന്ധു നദീ തട സംസ്‌കാരത്തെ ഹാരപ്പന്‍ സംസ്‌കാരം എന്നും വിളിക്കുന്നു. പാക്കിസ്താന്റെ പടിഞ്ഞാറന്‍ തീരം മുതല്‍ ഉത്തര്‍പ്രദേശിലെ അലംഗീര്‍പൂര്‍ വരേയും വടക്ക് ജമ്മു കശ്മിര്‍ മുതല്‍ തെക്ക് നര്‍മദാ നദി വരേയും ഈ സംസ്‌കാരം നിലനിന്നിരുന്നു. മണ്‍ പാത്രങ്ങളിലെ ചിത്രരൂപങ്ങളും ചെമ്പ്, വെങ്കലം, സ്വര്‍ണം എന്നിവ കൊണ്ടുള്ള ആഭരണ നിര്‍മാണവും ഹാരപ്പന്‍ സംസ്‌കാരത്തിന്റെ മേന്മകളാണ്.
ഈജിപ്ഷ്യന്‍ സംസ്‌കാരം
നൈല്‍ നദീ തീരത്താണ് ഈ സംസ്‌കാരം വളര്‍ന്നു പന്തലിച്ചത്. കല, കരകൗശലം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പുരോഗതി കൈവരിച്ച സംസ്‌കാരമാണ് ഇത്. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഈ സംസ്‌കാരത്തില്‍ മുഖ്യ പങ്കുവഹിച്ചത് ഈജിപ്റ്റിലെ നൈല്‍ നദിയാണ്. പൗരാണിക ഈജിപ്ത്തുകാരുടെ എഴുത്തുവിദ്യയാണ് ഹൈറോഗ്ലിഫിക്‌സ്. സ്ഫിംഗ്‌സ് എന്ന വിചിത്രജീവി, മമ്മികള്‍, പിരമിഡുകള്‍, സൂര്യഘടികാരം തുടങ്ങിയവ ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്.
മെസപ്പൊട്ടൊമിയന്‍ സംസ്‌കാരം
ആധുനിക ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍, സിറിയയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍, ഇറാന്റെ തെക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഭാഗമാണ് മെസപ്പൊട്ടൊമിയ. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീ തീരത്താണ് ഈ സംസ്‌കാരത്തിന്റെ ഉത്ഭവം. രണ്ടുനദികള്‍ക്കിടയിലുള്ള പ്രദേശം എന്നാണ് മെസപ്പൊട്ടൊമിയ എന്ന വാക്കിന്റെ അര്‍ഥം.
സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നാണ് മെസപ്പൊട്ടൊമിയയെ വിശേഷിപ്പിക്കുന്നത്. ബി.സി 10000 മുതല്‍ ബി.സി 500 വരെയുള്ള കാലയളവാണ് മെസപ്പൊട്ടൊമിയന്‍ കാലം എന്നറിയപ്പെടുന്നത്. മെസപ്പൊട്ടൊമിയന്‍ ജനതയുടെ എഴുത്ത് രീതിയാണ് ക്യൂണിഫോം.
സിഗുറാത്തുകള്‍ എന്നറിയപ്പെടുന്ന കെട്ടിടങ്ങള്‍ മെസപ്പെട്ടോമിയന്‍ ജനതയുടെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാക്കുന്നതാണ്. ഗണിത ശാസ്ത്രത്തിലെ ഹരണം, ഗുണിതം, വര്‍ഗമൂലം എന്നിവയില്‍ മികച്ച സംഭാവനകള്‍ മെസപ്പൊട്ടൊമിയക്കാര്‍ നല്‍കിയിട്ടുണ്ട്.
സുമേറിയന്‍ സംസ്‌കാരം
മെസപ്പൊട്ടൊമിയയില്‍ ഉദയം ചെയ്യുകയും പിന്നീട് നാമാവശേഷമായിപ്പോകുകയും ചെയ്ത പ്രധാനപ്പെട്ട നാല് സംസ്‌കാരങ്ങളാണ് സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, കാല്‍ഡിയന്‍ എന്നിവ. മെസപ്പൊട്ടൊമിയന്‍ സംസ്‌കാരത്തിന്റെ ഏറിയ പങ്കും സുമേറിയക്കാരുടെ സംഭാവനയാണ്. കമാനം, കുംഭ ഗോപുരം എന്നീ വാസ്തു വിദ്യകള്‍ ലോകത്തിന് സമ്മാനിച്ചത് സുമേറിയക്കാരാണ്. കാര്‍ഷിക ലോകത്തിന് വിപ്ലവകരമായ മാറ്റമുണ്ടാക്കിയ കലപ്പ കണ്ടുപിടിച്ചതും ചന്ദ്രനെ ആധാരമാക്കി ചാന്ദ്ര പഞ്ചാംഗ കലണ്ടര്‍ നിര്‍മിച്ചതും സുമേറിയക്കാരാണ്. മനുഷ്യ പുരോഗതിയെ തന്നെ മാറ്റി മറിച്ച ചക്രം ലോകത്തിനു സംഭാവന ചെയ്തത് സുമേറിയന്‍ ജനതയാണ്.
ബാബിലോണിയന്‍ സംസ്‌കാരം
ഇന്നത്തെ ഇറാഖിലെ പുരാതന രാജ്യമാണ് ബാബിലോണിയ. ബാബിലോണ്‍ ആണ് തലസ്ഥാനം. പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായ തൂങ്ങുന്ന പൂന്തോട്ടം ഇവിടെയാണ്. ഹമ്മുറാബിയുടെ ഭരണ കാലത്ത് ബാബിലോണിയ മധ്യപൂര്‍വേഷ്യയിലെ പ്രബല രാജ്യമായിരുന്നു. ത്രിമൂര്‍ത്തി സങ്കല്‍പ്പമാണ് ബാബിലോണിയന്‍ മത വിശ്വാസത്തിലുണ്ടായിരുന്നത്. അനു, എല്‍നിന്‍, ഈ എന്നിവയാണ് അവ.
അസീറിയന്‍ സംസ്‌കാരം
ഗ്രഹങ്ങളില്‍ അഞ്ചെണ്ണം കണ്ടെത്തിയത് അസീറിയക്കാരാണ്. വൃത്തത്തെ 360 ഡിഗ്രിയായി വിഭജിക്കാനും കുതിരകളെ ഉപയോഗിച്ച് വണ്ടിയുണ്ടാക്കാനും ലോകത്തെ പഠിപ്പിച്ചത് അസീറിയക്കാരായിരുന്നു.
ചൈനീസ് സംസ്‌കാരം
ഹൊയാങ്‌ഹോ നദീ തടത്തിലാണ് ചൈനീസ് സംസ്‌കാരത്തിന്റെ ഉദയം. പീക്കിംഗ് മനുഷ്യര്‍ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പൗരാണിക ചൈനക്കാര്‍ പട്ടുനൂല്‍ കൃഷിയിലും നെയ്ത്തിലും വൈദഗ്ധ്യം നേടിയവരായിരുന്നു. നദികളില്‍ അണകെട്ടി കൃഷി ആവശ്യങ്ങള്‍ക്കായി അവര്‍ ഉപയോഗിച്ചിരുന്നു. ചൈനീസ് എഴുത്തു വിദ്യയില്‍ മുകളില്‍നിന്നു താഴേക്ക് എഴുതുന്ന രീതിയാണ് ഉള്ളത്. ആദ്യ കാല ചൈനീസ് എഴുത്തു വിദ്യയില്‍ ചിത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കാലക്രമേണ ചിത്രങ്ങള്‍ ലിപികള്‍ക്ക് വഴി മാറി.
അമേരിക്കന്‍ സംസ്‌കാരം
പ്രാചീന അമേരിക്കയിലെ പ്രധാനപ്പെട്ട സംസ്‌കാരങ്ങളാണ് മായന്‍, ആസ്‌ടെക്‌സ്, ഇന്‍ക സംസ്‌കാരങ്ങള്‍. മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ മായന്‍ സംസ്‌കാരവും മെക്‌സിക്കോയില്‍ ആസ്‌ടെക്‌സ് സംസ്‌കാരവും പെറുവില്‍ ഇന്‍ക സംസ്‌കാരവും നിലനിന്നിരുന്നു. ഭാഷയിലും കലണ്ടര്‍ നിര്‍മാണത്തിലും ലോക ജനതയെ ഒരു വിസ്മയിപ്പിച്ചിരുന്ന മായന്മാര്‍ ഒരു കാലത്ത് ജ്യോതി ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും അഗാധമായ അറിവ് നേടിയിരുന്നു. അധികാരത്തിനു വേണ്ടി നടന്ന പരസ്പര പോരാട്ടമാണ് ഈ സംസ്‌കാരത്തിന്റെ പതനത്തിന് കാരണമായി ചരിത്രകാരന്മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."