ഹാര്‍ബര്‍ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലശയന സമരം നടത്തി
രണ്ടു വര്‍ഷം മുന്‍പ് ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എയായിരിക്കെയാണ് പാലം 70 ലക്ഷം രൂപ ചിലവഴിച്ച് പുനര്‍നിര്‍മിച്ചത്
മട്ടാഞ്ചേരി: ഹാര്‍ബര്‍ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലത്തിനു താഴെ കായലില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ജലശയന സമരം നടത്തി. ജനകീയ സമിതി കണ്‍വീനര്‍ എ.ജലാലാണ് ഒറ്റയാള്‍ സമരം നടത്തിയത്.
രണ്ടു വര്‍ഷം മുന്‍പ് ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എയായിരിക്കെയാണ് പാലം 70 ലക്ഷം രൂപ ചിലവഴിച്ച് പുനര്‍നിര്‍മ്മിച്ചത്.
നിര്‍മാണോദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ പാലത്തില്‍ കുഴികള്‍ രൂപപെട്ടിരുന്നു. നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച് അന്നു തന്നെ ആരോപണവും ഉയര്‍ന്നിരുന്നു. കുഴികള്‍ ഉപായത്തില്‍ അടച്ചാണ് അന്ന് അധികൃതര്‍ തലയൂരിയത് .
പാലത്തിന്റെ മധ്യഭാഗത്ത് ഇരുമ്പു ഷീറ്റ് വിരിച്ച് അതിനു മുകളില്‍ ടാറിംഗ് നടത്തിയതും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ബ്രിട്ടിഷ് ഹാര്‍ബര്‍ എന്‍ജിനീയര്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ എന്‍ജിനീയറിംഗ് മികവിന്റെ ദൃഷ്ടാന്തമായി ചൂണ്ടി കാട്ടിയിരുന്ന പാലത്തിന്റെ അശാസ്ത്രീയമായ പുനര്‍നിര്‍മ്മാണം നാട്ടുകാരുടെ ഏറെ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരുന്നത്.
മഴ തുടങ്ങും മുന്‍പ് തന്നെ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ചെവികൊണ്ടില്ല.
രാത്രി കാലങ്ങളില്‍ പാലത്തിലെ കുഴികളില്‍ ഇരുചക്രവാഹനയാത്രികര്‍ വീഴുന്നത് പതിവായിരിക്കയാണ്. ഇതേ തുടര്‍ന്നാണ് ജലാല്‍ ഒറ്റയാള്‍ സമരം നടത്തിയത്.എം.എം.സലീം, എം.എ.അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."