അഭിഭാഷക-മാധ്യമ പ്രശ്നം വഷളാക്കിയത് പൊലിസ്: രമേശ് ചെന്നിത്തല
കാസര്‍കോട്: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം വഷളാക്കിയത് പൊലിസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ പ്രശ്നം നടക്കുമ്പോള്‍ പൊലിസ് തീര്‍ത്തും നിഷ്ക്രിയമായിരുന്നു. പ്രശ്നത്തില്‍ പൊലിസ് കാഴ്ച്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു. ക്രിയാത്മകമായി പൊലിസ് ഇടപെട്ടിരുന്നുവെങ്കില്‍ ആ പ്രശ്നം അവിടെ തന്നെ പരിഹരിക്കാന്‍ കഴിയുമായിരുന്നു. കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ സംഘര്‍ഷത്തിന്റെ പേരില്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലും കഴിയാതെ പൊലിസ് നിഷ്ക്രിയമായിരുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഒരു പ്രതിക്ക് സുരക്ഷ നല്കി കോടതിയില്‍ എത്തിക്കാതെ സംഘര്‍ഷത്തിനിടെ പ്രതി രക്ഷപ്പെടാനിടയുണ്ടെന്ന് പറഞ്ഞ് കോടതിക്ക് അപേക്ഷ നല്‍കുകയാണ് പൊലിസ് ചെയ്തത്. ഇതു പൊലിസിനെ കഴിവ് കെട്ടവരായി മാറ്റുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന സംഘര്‍ഷം പൊലിസ് വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതായും വിലക്കയറ്റം രൂക്ഷമായതായും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."