HOME
DETAILS
MAL
ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നു: കാനം
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഒളിച്ചു പോകേണ്ട കാര്യമില്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ പോകണമായിരുന്നു. എന്തിനാണു ഒളിച്ചുപോയതെന്ന് മന്ത്രി തന്നെയാണു വ്യക്തമാക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റില്‍ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ ഇതുവരെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല.
അന്വേഷണ ഏജന്‍സികളെല്ലാം കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളതാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയാനില്ല. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍.ഡി.എഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സി.പി.ഐ നിറവേറ്റും.
ഇടതു നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴൊക്കെ സി.പിഐ തിരുത്തിയിട്ടുണ്ട്. സ്പ്രിംഗ്‌ളര്‍ വിഷയത്തിലും പാര്‍ട്ടി ശരിയായ നിലപാടാണു സ്വീകരിച്ചതെന്നും കാനം വ്യക്തമാക്കി. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ നിലപാട് മാറാം. അന്യന്റെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുത്. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു.
അതേസമയം, കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പമാണെന്ന് കാനം പറഞ്ഞു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്നാണ് കോണ്‍ഗ്രസ് സമീപനം. കൊവിഡ് പ്രതിരോധം അട്ടിമറിച്ചുള്ള സമരങ്ങള്‍ക്കെതിരേ 29ന് എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."