പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്ന വെല്ലുവിളി വിലക്കയറ്റം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുരംഗത്ത് പണപ്പെരുപ്പം ഒരു വിഷയമല്ലെങ്കിലും പുതിയതായി ചുമതലയേല്‍ക്കുന്ന സര്‍ക്കാരിന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും.
തക്കാളി, ഉള്ളി, പാല്‍ എന്നിവയുടെ വില വര്‍ധനവായിരിക്കും പ്രധാനമായും പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുക. ഈ മാസം 19ഓടുകൂടി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും അവസാനിക്കുമെങ്കിലും പ്രചാരണ രംഗത്ത് ഒരിക്കല്‍ പോലും പണപ്പെരുപ്പം ഒരു വിഷയമായി പ്രതിപക്ഷം ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ഇത് പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കനത്ത വേനലിനെ തുടര്‍ന്നുണ്ടായ വരള്‍ച്ചയില്‍ പശ്ചിമേന്ത്യയിലും ദക്ഷിണേന്ത്യയിലും കാര്‍ഷിക മേഖലയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഉല്‍പന്നങ്ങളുടെ വിലയില്‍ കഴിഞ്ഞ രണ്ടുമാസമായി വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ കാത്തിരിക്കുന്ന വെല്ലുവിളി പ്രധാനമായും വിലക്കയറ്റം തന്നെയായിരിക്കും.
ഭക്ഷ്യവസ്തുക്കളുടെ വില പൊതുവെ മോദി ഭരണത്തില്‍ സാധാരണ നിലയില്‍ തന്നെയായിരുന്നു. ഉപഭോക്തൃ വില സൂചിക 2016 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ നിശ്ചലമായ അവസ്ഥയിലായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ചോളം, ബജ്‌റ, തക്കാളി, ഉള്ളി, പരുത്തി എന്നിവ ഉയര്‍ന്ന വിലക്കാണ് ഈ വര്‍ഷം വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് ഇത്. കന്നുകാലികള്‍ക്ക് നല്‍കുന്ന തീറ്റ, ഇവക്കാവശ്യമുള്ള ഉല്‍പന്നങ്ങള്‍ എന്നിവക്ക് ചെലവ് കൂടിയത് പാലിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് പാലിന്റെ വില ഈ വര്‍ഷം വലിയതോതിലാണ് ഉയര്‍ന്നിട്ടുള്ളത്.
കാലിത്തീറ്റയുടെ വില കൂടിയതോടെ ക്ഷീര കര്‍ഷകര്‍ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയരക്ടര്‍ ആര്‍.എസ് സോഥി പറഞ്ഞു.
ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി പാലിന് വില ലഭിക്കുന്നില്ലെങ്കില്‍ ക്ഷീര കര്‍ഷകര്‍ പശുക്കളെ വില്‍ക്കാനും നിര്‍ബന്ധിതരായികൊണ്ടിരിക്കുകയാണ്. ഇത് പാല്‍ ഉല്‍പാദനത്തിനെ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഹട്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ ആര്‍.ജി ചന്ദ്രമോഹന്‍ പറയുന്നു.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയിലായതോടെ മഹാരാഷ്ട്രയില്‍ പഞ്ചസാര വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. അതേസമയം അടുത്ത കാലത്തായി നടന്ന ഒരു സര്‍വെയില്‍ ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് ഏപ്രില്‍ മാസത്തിലാണെന്ന് ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.
ഏതാണ്ട് 40ഓളം സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി മെയ് മൂന്ന് മുതല്‍ ഒന്‍പതു വരെ നടത്തിയ സാമ്പത്തിക സര്‍വെയില്‍ ഉപഭോക്തൃ വില സൂചികയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ 2.86 ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചികയെങ്കില്‍ അത് കഴിഞ്ഞ മാസം 2.97ആയി വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."