ഇന്ന് പുഴ ദിനം പുഴ ഇനി കുതിച്ചൊഴുകും; അലവിക്കുട്ടിയുടെ 'കൈപിടിച്ച് '
തിരൂര്‍: കളിച്ചും ചൂണ്ടയിട്ടും കൃഷി ചെയ്തും ബാല്യം ചെലവിട്ട തിരൂര്‍ പുഴയെ ആര്‍ത്തി മൂത്തവര്‍ മാലിന്യം വലിച്ചെറിഞ്ഞ് അപായപ്പെടുത്തുന്നതുകണ്ട് മനംമടുത്ത് നിയമ പോരാട്ടത്തിനിറങ്ങി വിജയം വരിച്ച സായൂജ്യത്തിലാണ് 66 കാരനായ അലവിക്കുട്ടി. കോട്ട് ആലിന്‍ചുവട് പരേതനായ എരിഞ്ഞിക്കാട്ട് യാഹുട്ടിയുടെ മകനാണ് അലവിക്കുട്ടി.
തിരൂര്‍-പൊന്നാനിപ്പുഴ എന്നാണ് ആളുകള്‍ വിളിച്ചു പോരുന്നതെങ്കിലും പൊന്നാനിയുമായി ഈ പുഴയ്ക്ക് യാതൊരു ബന്ധവുമില്ല.
രേഖയില്‍ തിരുവപ്പാണ്ടി പുഴ എന്നാണിതിന്റെ പേര്. തിരുവപ്പാണ്ടിപ്പുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഇരുകരകളും അളന്ന് തിട്ടപ്പെടുത്തി മതില്‍ കെട്ടി മരങ്ങളും കണ്ടല്‍ക്കാടുകളുമൊക്കെ വച്ചുപിടിപ്പിച്ച് സംരക്ഷിക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചത്.
ഇതിന്റെ പ്രാഥമിക കാര്യങ്ങള്‍ക്കായി ട്രൈബ്യൂണല്‍ പ്രതിനിധികള്‍ പുഴയോരത്തുടനീളം പരിശോധന നടത്തി. പുഴ മലിനപ്പെടുത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമുള്ള താക്കീതാണ് ട്രൈബ്യൂണല്‍ വിധിയെന്ന് അലവിക്കുട്ടി പറയുന്നു. തിരൂര്‍ നഗരത്തില്‍ പ്ലക്കാര്‍ഡ് പിടിച്ച് ഒറ്റയ്ക്ക് ജാഥ നടത്തിയും സിവില്‍ സ്‌റ്റേഷനു മുമ്പില്‍ നിരാഹാരം കിടന്നും ആദ്യവര്‍ഷങ്ങളില്‍ പുഴ തിരിച്ചുപിടിക്കാന്‍ രംഗത്തിറങ്ങി ഇദ്ദേഹം.
ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെടാതായതോടെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. മൂന്നു വര്‍ഷമായിട്ടും പണമേറെ ചെലവാക്കിയിട്ടും കേസനങ്ങാതായതോടെ നേരെ ഹരിത ട്രൈബൂണലിന്റെ ചെന്നൈ ബെഞ്ചിലേക്ക്.
സമ്പാദ്യമെല്ലാം തീര്‍ന്നപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റും പണയംവച്ചും പണം കണ്ടെത്തി. അടുത്ത ചില സുഹൃത്തുക്കളും സഹായിച്ചു. ചീഫ് സെക്രട്ടറി, കലക്ടര്‍, ആര്‍.ഡി.ഒ, കൃഷി ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങയ വ്യക്തികളും വകുപ്പുകളുമായിരുന്നു എതിര്‍കക്ഷികള്‍. ഇവരോടു നേരിടാന്‍ പ്രാപ്തനായൊരു വക്കീലിനെ തരപ്പെടുത്താന്‍ ലക്ഷങ്ങള്‍ വേണമെന്നതിനാല്‍ ഒറ്റയ്ക്ക് വാദിക്കാന്‍ തീരുമാനിച്ചു.
ചെന്നൈയിലാണ് ആദ്യം തനിച്ച് വാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അലവിക്കുട്ടി രാജ്യത്തെ പ്രഗല്‍ഭ അഭിഭാഷകര്‍ക്ക് മുന്നില്‍ പൊതു വിഷയത്തിനായി നീതി പീഠത്തില്‍ കയറി.
ഞാന്‍ പരാതിക്കാരന്‍ ആണെന്നും മറ്റു ഭാഷകള്‍ വശമില്ലെന്നും അറിയിച്ചതോടെ ജഡ്ജി ധൈര്യം പകര്‍ന്നത് വിഷയത്തിന്റെ മൂല്യം കൊണ്ടാണെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
പിന്നീട് കേസ് ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിലെത്തി. വിഡിയോ കോണ്‍ഫ്രന്‍സ് വഴിയായായിരുന്നു നടപടികള്‍.ചെന്നൈയില്‍ ചെന്ന് അലവിക്കുട്ടി സ്വന്തമായി കാര്യം പറയും.
ഡല്‍ഹിയിലുള്ള ജഡ്ജിക്ക് ആത്മാര്‍ത്ഥത ബോധ്യമായി. തിരുവനന്തപുരം കരമനയാര്‍ വിഷയത്തിലെ ഹരജികള്‍ക്കൊപ്പമായിരുന്നു ഈ കേസ് പരിഗണിച്ചത്. രണ്ടിനും ഒരേ വിധി. നിലപാടിന്റെ വിജയത്തിന് പുറമെ സ്വന്തമായി വാദിച്ച് ജയിച്ചതിന്റെയും സംതൃപ്തിയായിരുന്നു അലവിക്കുട്ടിയുടെ മുഖത്ത്.
ജസ്റ്റിസ് രാമന്‍പിള്ള ചെയര്‍മാനായ സമിതിക്കാണ് പുഴ സംരക്ഷണച്ചുമതല. ജീവിതച്ചെലവ് കുറച്ച് പ്രതിമാസം 6000 രൂപ മിച്ചവച്ചുണ്ടാക്കിയ തുകയാണ് പുഴയ്ക്കായി അദ്ദേഹം മാറ്റിവച്ചത്.
ഭാര്യ അന്നക്കുട്ടിയും മകള്‍ ആശാ വോയ്സ്റ്ററും മരുമകന്‍ ജയ്‌സല്‍ റഹിമാനും പൂര്‍ണ പിന്തുണയോടെ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."