ഹയര്‍സെക്കന്‍ഡറി: മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ച് നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അരലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മധ്യകേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഏഴായിരത്തോളം സീറ്റുകള്‍ മലബാറിലേക്ക് മാറ്റിയാല്‍ സര്‍ക്കാരിന് സാമ്പത്തിക പ്രയാസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കാന് കഴിയും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുകയും ചെയ്ത മലപ്പുറം ജില്ലയില്‍ കാല് ലക്ഷം സീറ്റുകളുടെ കുറവുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂളുകളില്‍ ആവശ്യത്തിന് പ്ലസ്ടു ബാച്ച് അനുവദിച്ച് മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കൂടെ നില്ക്കാന് സര്‍ക്കാര്‍ മനസ് കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. കെ.ടി ജാബിര്‍ ഹുദവി അധ്യക്ഷനായി. റഫീഖ് അഹമ്മദ് തിരൂര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആശിഖ് കുഴിപ്പുറം, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ ദേശമംഗലം,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍,ഒ.പി അശ്റഫ് കുറ്റിക്കടവ്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മാഈല്‍ യമാനി മംഗലാപുരം സംസാരിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."