'ഹൃദയപൂര്‍വം' നന്ദി പറഞ്ഞ് കുഞ്ഞുമാലാഖ നാട്ടിലേക്ക് മടങ്ങി
കൊച്ചി: ലിസി ആശുപത്രിയിലെ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വാര്‍ത്താസമ്മേളനവേദിയില്‍ എട്ട് ദിവസം മാത്രം പ്രായമായ അവള്‍ പച്ച ടര്‍ക്കിയില്‍ പൊതിഞ്ഞ് ഉമ്മയുടെ മടിയില്‍ സുന്ദരിയായിക്കിടന്നുറങ്ങി. ഇക്കഴിഞ്ഞ എട്ടിന് അവള്‍ ഭൂമിയിലേക്ക് പിറന്നുവീണപ്പോള്‍ ഓക്‌സിജന്റെ അളവ് കുറവായതിനെ തുടര്‍ന്ന് നീലനിറത്തിലായിരുന്നു എന്ന് അവളെ കണ്ടവര്‍ക്കാര്‍ക്കും തോന്നിയില്ല. തൂവെള്ള നിറവും തലനിറയെ മുടിയുമൊക്കെയായി അവള്‍ ഇന്നലെ കാമറക്കണ്ണുകളില്‍ നിറഞ്ഞു.
അവളുടെ മാതാവ് ജംഷീലയുടെ കണ്ണുകളാകട്ടെ പൊന്നോമനയെ ഗുരതര ഹൃദയരോഗത്തില്‍നിന്ന് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറഞ്ഞൊഴുകി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മലപ്പുറം എടക്കര സ്വദേശികളുടെ എട്ട് ദിവസം പ്രായമായ കുഞ്ഞിന് ചികിത്സയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി അധികൃതര്‍ യാത്രയയപ്പ് നല്‍കിയത്.
ഇക്കഴിഞ്ഞ എട്ടിന് കുട്ടി ജനിക്കുമ്പോള്‍ ഹൃദയത്തിന്റെ വലത്തെ അറയില്‍നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു. സൗകര്യമുള്ള ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടറുടെ നിര്‍ദേശം ലഭിച്ചതോടെ, ആദ്യം പരിഭ്രാന്തരായെങ്കിലും, കുട്ടിയുടെ മാതൃസഹോദരന്‍ മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജില്‍ 'നിവൃത്തിയില്ല, കുട്ടിയെ രക്ഷിക്കണം' എന്ന് അഭ്യര്‍ഥിച്ചതോടെയാണ്, മന്ത്രിയുടെ ഇടപെടലില്‍ കുട്ടിക്ക് ചികിത്സ ലഭ്യമായത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യചികിത്സ ഒരുക്കുകയായിരുന്നു.
ഹൃദയത്തില്‍നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്‌റ്റെന്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. ഒരുദിവസംമാത്രം പ്രായമായ കുഞ്ഞില്‍ ഇത്തരം ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ.എഡ്‌വിന്‍ ഫ്രാന്‍സിസ് പറഞ്ഞു.
ചികിത്സയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇനി രണ്ടുഘട്ടങ്ങള്‍കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ രണ്ടുഘട്ടത്തിലും ശസ്ത്രക്രിയ ആവശ്യമാണ്. ഓരോമാസം കൂടുമ്പോഴും തുടര്‍പരിശോധന നടത്തണം. ആദ്യ ശസ്ത്രക്രിയ ഒരു വയസാകുമ്പോഴും രണ്ടാമത്തെ ശസ്ത്രക്രിയ അഞ്ച് വയസിനും ആറ് വയസിനും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേക്ക് മുറിച്ചാണ് ആശുപത്രി അധികൃതര്‍ കുഞ്ഞിന് നാട്ടിലേക്ക് യാത്രയയപ്പ് നല്‍കിയത്. അവള്‍ക്കിടാന്‍ പുത്തനുടുപ്പുകളും സമ്മാനമായി നല്‍കി. ജംഷീല-ഷാജഹാന്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഷാജഹാന്‍ സഊദി അറേബ്യയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. മൂത്തമകന്‍ ഷിഫിന്‍ റോഷന് ആറുവയസുണ്ട്. കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതും കാത്ത് എട്ടുദിവസവും ഉറക്കമില്ലാതെ കാത്തിരുന്ന ജംഷീലയുടെ വല്യുമ്മ ആയിഷയും സഹോദരന്മാരായ ജിയാസും ജംഷീദും മാതൃസഹോദരി സാജിദയുമൊക്കെ നിറകണ്ണുകളോടെയാണ് എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.
ഫീറ്റല്‍ എക്കോ എന്ന പരിശോധനയിലൂടെ ഇത്തരം രോഗങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിയുമെന്ന് ഡോ.ജോസ് ചാക്കോ പെരിയപുരം പറഞ്ഞു.
ചടങ്ങില്‍ ഡയരക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍, ഫാ.ജെറി ഞാളിയത്ത്, ഡോ.റോണി മാത്യു കടവില്‍,ഡോ.ജേക്കബ് എബ്രഹാം എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."