തടവുകാരുടെ എണ്ണത്തില്‍ വര്‍ധന;പെരിയയില്‍ പുതിയ ജില്ലാ ജയില്‍ സ്ഥാപിക്കും
കാഞ്ഞങ്ങാട്: ജില്ലയിലെ ജയിലുകളില്‍ തടവുകാര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പെരിയയില്‍ പുതിയ ജില്ലാ ജയില്‍ സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലാണ് ഇപ്പോള്‍ ജില്ലാ ജയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ജയിലില്‍ അസൗകര്യങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് എല്ലാവിധ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള പുതിയ ജയില്‍ കെട്ടിടം പെരിയയില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്.
പെരിയയിലെ കേന്ദ്രസര്‍വകലാശാലക്ക് എതിര്‍വശത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലത്ത് ജില്ലാ ജയിലിനു പുതിയ കെട്ടിടം നിര്‍മിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയതായി സൂചനയുണ്ട്.
കോര്‍പറേഷന്റെ കൈവശമുള്ള പെരിയയിലെ പത്തേക്കര്‍ സ്ഥലത്തിനു പകരമായി ചീമേനി തുറന്ന ജയിലിന് അനുവദിച്ച സ്ഥലത്തു നിന്നു പത്തേക്കര്‍ സ്ഥലം കോര്‍പറേഷനു നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ജില്ലാ ജയിലിനു വേണ്ടി പെരിയയില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടു ജയില്‍ വകുപ്പ് പ്ലാന്റേഷന്‍ അധികൃതര്‍ക്കു രണ്ടുവര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അന്നത്തെ കാഞ്ഞങ്ങാട് എം.എല്‍.എയും ഇപ്പോഴത്തെ റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ സബ് ജയിലായിരുന്ന കാഞ്ഞങ്ങാട്ടെ ജയില്‍ 2013 ഒക്ടോബര്‍ 23നാണു ജില്ലാജയിലായി ഉയര്‍ത്തിയത്. അതേസമയം ഒരു ജില്ലാ ജയിലിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. 42 പുരുഷതടവുകാരെയും എട്ടു സ്ത്രീതടവുകാരെയും താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.
കാസര്‍കോട് സബ് ജയില്‍,കാഞ്ഞങ്ങാട്ടെ ജില്ലാ ജയില്‍ എന്നിവിടങ്ങളില്‍ തടവുകാരുടെ എണ്ണം കൂടുമ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്ന അവസ്ഥയാണു നിലവിലുള്ളത്.
പെരിയയില്‍ എല്ലാവിധ സൗകര്യങ്ങളോടു കൂടി ജയില്‍ സ്ഥാപിക്കുകയാണെങ്കില്‍ ഇരുജയിലുകളിലെയും ദുരിതങ്ങള്‍ക്കു പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."