കസ്റ്റഡിയിലിരുന്നയാളുടെ തൂങ്ങിമരണം: രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: മണര്‍കാട് സ്‌റ്റേഷനില്‍ പൊലിസ് കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണര്‍കാട് പൊലിസ് സ്റ്റേഷനില്‍ അരീപ്പറമ്പ് സ്വദേശി നവാസ് തൂങ്ങി മരിച്ച സംഭവത്തിലാണ് സിവില്‍ പൊലിസ് ഓഫിസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി.ഡി ചാര്‍ജ് എ.എസ്.ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരുടെയും ഭാഗത്തു നിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ്തല നടപടി. കോട്ടയം എസ് പി ഹരിശങ്കറാണ് നടപടിയെടുത്തത്. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയതിന് പൊലിസ് കസ്റ്റഡിയിലെടുത്ത നവാസിനെ ലോക്കപ്പില്‍ അടച്ചിരുന്നില്ല എന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കോട്ടയം ജില്ലാ പൊലിസ് ചീഫ് ഹരിശങ്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പാര്‍ഥസാരഥി പിള്ള, ഡിസിആര്‍ബി ഡിവൈ.എസ്.പി പ്രകാശന്‍ പടന്നയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പൊലിസുകാരുടെയും പരാതിക്കാരുടെയും മൊഴിയെടുത്തിരുന്നു. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മണര്‍കാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജി, ജി.ഡി ചാര്‍ജ്, പാറാവ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ ഇന്‍സ്‌പെക്ടറെത്തുമ്പോള്‍ നവാസ് സ്റ്റേഷനിലുണ്ടായിരുന്നു. എന്നാല്‍, ഇയാളെക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചില്ല. ജി.ഡി ചാര്‍ജുകാരനും പാറാവുകാരനും ഇയാള്‍ക്ക് സുരക്ഷ ഒരുക്കിയില്ല. ജി.ഡി ചാര്‍ജുകാരന്‍ ഇയാളുടെ വിവരങ്ങള്‍ പാറാവ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയില്ല. പാറാവ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇയാളെ ശ്രദ്ധിച്ചില്ല. ഇയാള്‍ ശുചിമുറയിലേക്ക് പോയത് ആരും കണ്ടില്ല. ഇത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവാസിന്റെ മൃതദേഹം രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നവാസിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ക്ഷതങ്ങളുള്ളതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നാട്ടുകാര്‍ മര്‍ദിച്ചതിന്റെയാകാം എന്നാണ് കരുതുന്നത്.
മണര്‍കാട് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പൊലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."