ലീഗില്ലാത്ത പാര്‍ലമെന്റില്ല, നൂറുമേനിയില്‍ ലക്ഷംകടന്ന വിജയം
മലപ്പുറം: ലീഗില്ലാത്ത ഇന്ത്യന്‍ പാര്‍ലമെന്റില്ല, പാര്‍ലമെന്റുണ്ടെങ്കില്‍ അവിടെ ലീഗുമുണ്ട്. നൂറുമേനി വിജയത്തോടെ മുസ്‌ലിം ലീഗ് വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി മത്സരിച്ച മൂന്നിടങ്ങളിലും മികച്ച വിജയം നേടുകയും ഭൂരിപക്ഷം ലക്ഷം കടക്കുകയും ചെയ്തു .
കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ മത്സരരംഗത്തുണ്ടാവാറുള്ള മുസ്്‌ലിം ലീഗ് സംഖ്യമില്ലാതെ ഒരിടത്തും മത്സരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം കേരളത്തില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലും തമിഴ്‌നാട് രാമനാഥപുരത്തുമാണ് മത്സരിച്ചത്.
ഇടതുപക്ഷം മുഖ്യ എതിരാളിയായി വന്ന മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു. നിലവില്‍ എ.ഡി.എം.കെയുടെ അന്‍വര്‍ രാജയായിരുന്നു ലീഗിന്റെ മൂന്നാംസീറ്റായ രാമനാഥപുരം മണ്ഡലത്തിലെ ലോക്‌സഭാംഗം.
എ.ഡി.എം.കെ- ബി.ജെ.പി സഖ്യധാരണയില്‍ രാമനാഥപുരം ബി.ജെ.പിക്ക് വന്നതോടെയാണ് ബി.ജെ.പിയും മുസ്‌ലിംലീഗും നേര്‍ക്കുനേര്‍ മത്സരിക്കേണ്ടിവന്നത്. ഇവിടെ കോണി ചിഹ്നത്തില്‍ മത്സരിച്ച നവാസ് ഗനി 1,20,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.
ഡി.എം.കെ മുന്നണിയുടെ ഭാഗമായി മുസ്‌ലിം ലീഗ് മുന്‍കാലങ്ങളില്‍ വെല്ലൂരിലാണ് മത്സരിച്ചു ജയിച്ചിരുന്നത്. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ വിജയിച്ച മണ്ഡലം 2014ല്‍ എ.ഡി.എം.കെ പിടിച്ചെടുക്കുകയായിരുന്നു.
ഇതിനു മുന്‍പ് 2009ലാണ് ലീഗിന് ലോക്‌സഭയില്‍ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരുന്നത്.
മലപ്പുറത്ത് ഇ. അഹമ്മദ്, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരെ കൂടാതെ വെല്ലൂരില്‍ നിന്ന് എം. അബ്ദുറഹ്മാനും വിജയിച്ചിരുന്നു.
ചരിത്രത്തില്‍ മുസ്‌ലിം ലീഗിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടായിരുന്നത് 1971ലാണ്.
ലോക്‌സഭയില്‍ നാലും (1971) രാജ്യസഭയില്‍ അഞ്ചും പ്രതിനിധികള്‍.
1952 മുതല്‍ ഇന്നുവരെ മുസ്്‌ലിം ലീഗിന് ലോക്‌സഭയില്‍ അംഗങ്ങളുണ്ടെന്നതും ലീഗിന്റെ നേട്ടമാണ്.
ഇക്കുറി മത്സരിച്ച മലപ്പുറത്ത് ഭൂരിപക്ഷം രണ്ടര ലക്ഷത്തിലധികവും പൊന്നാനിയില്‍ രണ്ട് ലക്ഷത്തോളവും ഉയര്‍ത്തിയ ലീഗ് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമനാഥപുരം പിടിച്ചെടുത്തത്്.
സ്വന്തം സ്ഥാനാര്‍ഥികളെ കൂടാതെ മലബാറിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നതും ലീഗായിരുന്നു. വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് മിഷിണറി ചലിപ്പിച്ചതാണ് ഇവിടങ്ങളില്‍ അപ്രതീക്ഷിത നേട്ടത്തിന് കാരണമായത്്.
വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
യു.ഡി.എഫ് നേട്ടം കൊയ്ത ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ വോട്ടുപിടിച്ചതും ലീഗ് ശക്തികേന്ദ്രങ്ങളില്‍ നിന്നാണെന്നതും മുസ്്‌ലിം ലീഗിന് അഭിമാനിക്കാന്‍ വകനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."