തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ കുടുംബം
വേങ്ങര: ദലിത് പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ട യു.പിയിലെ ഹത്രാസിലേക്ക് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോവുന്നതിനിടെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാന്‍ കഴിയാതെ കുടുംബം. സിദ്ദീഖിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഭാര്യയും കുട്ടികളും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഭാരവാഹി കൂടിയായ സിദ്ദീഖ് അഴിമുഖം ഓണ്‍ലൈനു വേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് അറസറ്റുണ്ടായത്. യു.എ.പി.എ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യയും മൂന്നു മക്കളും പ്രായമായ ഉമ്മയുമുള്ള സിദ്ദീഖിന്റെ കുടുംബം മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് താമസം. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ സിദ്ദീഖിന്റെ മടങ്ങിവരവും കാത്തിരിക്കുകയാണിവര്‍. ഏഴു വയസുകാരിയായ മകള്‍ക്കും 12 വയസുകാരനായ മകനും പിതാവിന്റെ അറസ്റ്റിനെ കുറിച്ച് കൂടുതലറിയില്ല. എന്നാല്‍ 17 വയസുകാരനായ മകന്റെ പഠനത്തെ സിദ്ദീഖിന്റെ അറസ്റ്റ് ബാധിക്കുമോയെന്ന ഭയത്തിലാണ് കുടുംബമെന്ന് സിദ്ദീഖിന്റെ ഭാര്യ റൈഹാനത്ത് സുപ്രഭാതത്തോട് പറഞ്ഞു. തൊണ്ണൂറു വയസുള്ള സിദ്ദീഖിന്റെ മാതാവിനോട് മകന്റെ അറസ്റ്റിനെ കുറിച്ച് ഇതുവരെ ഒന്നു അറിയിച്ചിട്ടില്ല. ഏഴുമക്കളില്‍ ഇളയവനായ സിദ്ദീഖിന്റെ സാന്നിധ്യവും സാമീപ്യവും മാതാവ് നിരന്തരം ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന സമയമാണിതെന്നും റൈഹാനത്ത് പറഞ്ഞു.
കഴിഞ്ഞ മാസം 11 നാണ് ലീവിന് ശേഷം സിദ്ദീഖ് ഡല്‍ഹിയിലേക്ക് തിരിച്ചുപോയത്. മാധ്യമങ്ങളിലൂടെ അറസ്റ്റ് വിവരം അറിയുന്നതിന്റെ തലേന്നാള്‍ പോലും രാത്രി 12 മണി വരെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നു. ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു തന്റെ ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നതെന്നും ചില കോണുകളില്‍നിന്ന് ആരോപിക്കപ്പെടുന്ന പോലെ ഏതെങ്കിലും സംഘടനകളുമായോ വ്യക്തികളുമായോ ബന്ധമില്ലെന്നും അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിദ്ദീഖിന്റെ ഭാര്യ റൈഹാനത്ത് പറയുന്നു.
ഹത്രസ് പോലെയുള്ള പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം ലഭ്യമാവാത്തിതിനാലാവാം ലഭ്യമായ വാഹനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രചെയ്തതെന്നും തന്റെ ഭര്‍ത്താവ് കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യു.പിയിലെത്തിയ സിദ്ദീഖിനെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സിദ്ദീഖിന്റെ മോചനത്തിനായുള്ള സമരങ്ങളും നിയമപോരാട്ടങ്ങളും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."