പുഴകളില്‍ ജലനിരപ്പ് താഴുന്നു; കുറയും കുടിവെള്ളം
ഇരിട്ടി: മലയോരത്തെ പിടിച്ചുലച്ച കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമുണ്ടായ മഹാപ്രളയത്തില്‍ ആര്‍ത്തലച്ചെത്തിയ പുഴകള്‍ മഴ ശമിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വറ്റിവരണ്ടു. പഴശ്ശി, ബാവലി, ബാരാപുഴകളടക്കം മേഖലയിലെ പുഴകളിലെല്ലാം നീരൊഴുക്ക് അവിശ്വസനീയമാംവിധം കുറഞ്ഞു.
ബാരാപുഴ ഇരിട്ടി പുഴയോട് ചേരുന്നതിനു തൊട്ടുമുമ്പ് കോളിക്കടവ് പാലം പരിസരത്ത് ആശങ്കാജനകമായി ഒഴുക്ക് തടസപ്പെടുന്ന അവസ്ഥയിലായി.
സംസ്ഥാനത്തെ നദികളിലാകെ അത്ഭുതപ്രതിഭാസം പോലെ നീരൊഴുക്ക് നേര്‍ത്ത് ജലവിതാനം ക്രമാതീതമായി താഴുന്നതിനു പിറകെയാണ് പശ്ചിമ ഘട്ടത്തില്‍ നിന്നെത്തുന്ന മേഖലയിലെ പുഴയൊഴുക്കും കുത്തനെ താഴുന്നത്.
മേഖലകളിലെ പുഴകളില്‍ ജലനിരപ്പ് ആശങ്കാജനകമായി കുറയുന്നതോടെ സര്‍വനാശം വിതച്ച മഹാപ്രളയത്തിനു പിന്നാലെ കടുത്ത കുടിവെള്ള ക്ഷാമം കൂടി നേരിടേണ്ടി വരുമോയെന്ന ഭീതിയിലാണു മലയോര ജനത. പ്രളയത്തെ തുടര്‍ന്നു തുറന്ന പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ ഒന്നൊന്നായി അടച്ചുതുടങ്ങി.
16 ഷട്ടറുകളില്‍ എട്ടു ഷട്ടറുകളും ഇതിനകം അടച്ചു. പഴശ്ശി ഡാമില്‍ 15.2 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 26.52 മീറ്ററാണ് സംഭരണശേഷി. സാധാരണഗതിയില്‍ തുലാമഴകൂടി പിന്നിട്ട ശേഷമാണു ഷട്ടറുകള്‍ അടക്കാറ്. ഇത്തവണ വെള്ളം പാഴാക്കിക്കളഞ്ഞാല്‍ ജില്ലയുടെ കുടിവെള്ളം മുട്ടിപ്പോവുമോയെന്ന ആശങ്കയുള്ളതിനാല്‍ പകുതി ഷട്ടറുകളും നേരത്തെ അടച്ചിടുകയായിരുന്നു.
ഇതോടെ കുടിവെള്ളത്തിനായി ജലം സംഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ജലനിരപ്പും നീരൊഴുക്ക് ശേഷിയും സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ അനുദിന അവലോകനം നടത്തിയാണു പഴശ്ശിയില്‍ ഷട്ടര്‍ നിയന്ത്രണം. പ്രളയഘട്ടം മുതല്‍ പഴശ്ശിയില്‍ സര്‍ക്കാര്‍ നിരീക്ഷണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."