കുപ്രസിദ്ധ മോഷ്ടാവ് മഞ്ചേരിയില്‍ പിടിയില്‍
മഞ്ചേരി: മുപ്പതോളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി തേലക്കാട് ഷാജഹാന് (കോതമംഗലം ഷാജഹാന്)(38) പിടിയില്‍. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. മലപ്പുറം മുണ്ടുപറമ്പ് എ.എം.എല്‍.പി സ്കൂളില്‍നിന്നു ഓഫിസ് റൂം പൊളിച്ച് സഞ്ചയിക ഇനത്തില്‍ പിരിച്ച 20,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും.
മുണ്ടുപറമ്പ് സ്കൂളില്‍ നടത്തിയ മോഷണത്തിനിടെ സി.സി.ടി.വിയില്‍ പതിഞ്ഞ ഇയാളുടെ ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍നിന്നു പുലാമന്തോള്‍ സ്വദേശിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പായതായി പൊലിസ് പറഞ്ഞു. ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.ഐ നാസര്‍, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത്, ദിനേഷ് ആമയൂര്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."