ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനെ അവഗണിച്ച് വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി: കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടി 19 പേര്‍ മരണമടയുകയും, കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത കുറാഞ്ചേരിയില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കേജ് തയ്യാറാക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭയെ മുന്‍കൂട്ടി അറിയിച്ച് കുറാഞ്ചേരിയിലെത്തിയ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനെ സ്വീകരിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും നഗരസഭ അധ്യക്ഷയടക്കം ഭരണകക്ഷി നേതാക്കള്‍ ആരും കുറാഞ്ചേരിയില്‍ എത്താത്തതിനെ ചൊല്ലി വന്‍ പ്രതിഷേധം. അവസാനം നാട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഉപാധ്യക്ഷന്‍ സ്ഥലം വിട്ടു.
നഗരസഭക്ക് ലഭിച്ച അറിയിപ്പ് സി.പി.ഐ.എം ഗ്രൂപ്പ് വഴക്കിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പൂഴ്ത്തുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പോലും മാധ്യമങ്ങളില്‍ നിന്നാണ് സന്ദര്‍ശന വിവരം അറിയുന്നത്. ഇദ്ദേഹം സ്ഥലത്ത് എത്തുമ്പോഴേക്കും ഉപാധ്യക്ഷന്‍ സ്ഥലം വിട്ടിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ആസൂത്രണ ബോര്‍ഡിന്റെ സന്ദര്‍ശനം അറിയിച്ചില്ല.
നഗരസഭയിലെ ഗ്രൂപ്പ് യുദ്ധം ദാരുണ ദുരന്തമുണ്ടായ കുറാഞ്ചേരിയിലെ അവശേഷിക്കുന്ന കുടുംബാംഗങ്ങളുടെ പുനരധിവാസത്തെയും കുറാഞ്ചേരിയുടെ പുനരുദ്ധാരണത്തെയും കാര്യമായി ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് കെ. അജിത് കുമാര്‍ ആരോപിച്ചു.
കോടികള്‍ ആവശ്യമായ കുറാഞ്ചേരിയിലെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി വന്ന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ സ്വീകരിക്കാനും ദുരന്തത്തിന്റെ കാഠിന്യം ബോധിപ്പിക്കാനും പദ്ധതി സമര്‍പ്പിക്കാനും നേരമില്ലാത്ത നഗരസഭ അധ്യക്ഷ ഉള്‍പ്പടെയുള്ള ഭരണസാരഥികള്‍ രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."