ഗള്‍ഫ് രാഷ്ട്രങ്ങളിലും 27ാം രാവ് വെള്ളിയാഴ്ച
മനാമ: റമദാനിലെ ശ്രേഷ്ഠകരമായ 27 ാം രാവ് ഗള്‍ഫ് രാഷ്ട്രങ്ങളിലും വിവിധ പരിപാടികളോടെ ഇന്ന്(വെള്ളിയാഴ്ച) ആചരിക്കും.
അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന ദിനവുമായതിനാല്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികള്‍ രാത്രിയും പകലും വിശ്വാസികളെ കൊണ്ടു നിറയും.
റമദാനിന് വിടപറയുന്ന ഖുതുബയുള്‍പ്പെട്ട അവസാന വെള്ളിയാഴ്ചയായതിനാല്‍ ജുമുഅയിലും ശേഷം പള്ളിയില്‍ നടക്കുന്ന വിവിധ ചടങ്ങുകളിലും വിശ്വാസികള്‍ നിറഞ്ഞൊഴുകും. രാത്രിയും പകലുമായി കൂടുതല്‍ സമയം ഇഅ്തികാഫില്‍ ചിലവഴിക്കാനും വിശ്വാസികള്‍ എത്തും.
ഇന്ന് വൈകിട്ട് ഇഫ്താറിനോടനുബന്ധിച്ചും രാത്രിയും തറാവീഹിനു ശേഷവുമായി നിരവധി സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും.
വിവിധ രാഷ്ട്രങ്ങളിലെ മത കാര്യ മന്ത്രാലയങ്ങളും പ്രവാസി മത സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബഹ്‌റൈനില്‍ രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌കിലാണ്പ്രധാനമായും ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലും മതകാര്യ വിഭാഗവും ഔഖാഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നത്തെ പരിപാടി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്.
ഇതോടനുബന്ധിച്ച് 'ഖുര്‍ആന്‍ അംബാസഡര്‍മാര്‍' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ബഹ്‌റൈനിലും അന്താരാഷ്ട്ര തലത്തിലും നടന്ന വിവിധ ഖുര്‍ആന്‍ മത്സരങ്ങളിലെ വിജയികളെ അധികൃതര്‍ ആദരിക്കും. ഈ പരിപാടി രാത്രി 9.15 മുതലാണ് ഇവിടെ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. 79 പേര്‍ ചടങ്ങില്‍ പങ്കെടുത്ത് ആദരം ഏറ്റു വാങ്ങും. ആറു രാഷ്ട്രങ്ങളിലായി നടന്ന 22 അന്താരാഷ്ട്രമത്സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തത്. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
ആയിരം മാസത്തേക്കാള്‍ മഹത്തരമാണ് ലൈലത്തുല്‍ ഖദ്‌റ്! എന്ന രാത്രിയെന്നും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ രാവിനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും മത കാര്യ വിഭാഗം പ്രത്യേകം ആഹ്വാനം ചെയ്തിരുന്നു.
വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും മസ്ജിദുകളിലും പ്രത്യേക ആരാധനാ കേന്ദ്രങ്ങളിലും പുലര്‍ച്ചെ വരെ നീളുന്ന ആത്മീയ മജ് ലിസുകളും പ്രാര്‍ത്ഥനാ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ഇഫ്താര്‍ സംഗമത്തിന് ശേഷം
തൊട്ടടുത്തുള്ള സമസ്ത പള്ളി എന്ന മസ്ജിദില്‍ ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ കണ്ണൂര്‍ നേതൃത്വം നല്‍കുന്ന തറാവീഹ് നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം എന്നിവയും തൗബ, ദിക്ര്‍ ദുആ മജ്‌ലിസ്, പ്രഭാഷണം, സ്വലാത്ത് എന്നിവയും നടക്കും. പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുള്‍ക്കൊള്ളുന്ന ആത്മീയ സംഗമത്തിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."