ബഹ്‌റൈനില്‍ സിം രജിസ്റ്റര്‍ ചെയ്യാത്തവര്‍ ശ്രദ്ധിക്കുക! നിങ്ങളുടെ ഫോണ്‍ ഞായറാഴ്ച പ്രവര്‍ത്തന രഹിതമാകും
മനാമ: ബഹ്‌റൈനില്‍ ഇനിയും പ്രീ പെയ്ഡ് സിം രജിസ്റ്റര്‍ ചെയ്യാത്തവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഫോണ്‍ നമ്പറിന്റെയും സിം കണക്ഷന്റെയും അവസാന ദിനം നാളെയാണ്. അഥവാ ജൂണ്‍ 2 ഞായറാഴ്ച മുതല്‍ നിങ്ങളുടെ സിം പ്രവര്‍ത്തന രഹിതമാകും.
സിമ്മിന് കാലാവധിയുണ്ടെങ്കിലും കാശ് ബാലന്‍സുണ്ടെങ്കിലും അവ കാള്‍ ചെയ്യാനോ കാള്‍ സ്വീകരിക്കാനോ നാളെ മുതല്‍ കഴിയില്ല.
ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെ അറിയിപ്പനുസരിച്ച്, നേരത്തെ നീട്ടിയ രജിസ്‌ട്രേഷന്‍ കാലാവധി ജൂണ്‍ 2ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണിത്.
അതോറിറ്റിയുടെ നേരത്തെയുള്ള അറിയിപ്പനുസരിച്ച്, ഫോണ്‍ കണക്ഷന്‍ സ്ഥിരമാക്കാന്‍ വിരലടയാളം നല്‍കി സിം രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി 2019 മാര്‍ച്ച് 3 ആയിരുന്നു. ഇത് പിന്നീട് 3 മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. ഇതാണ് 2019 ജൂണ്‍ 2 ഞായറാഴ്ച അവസാനിക്കുന്നത്.
ബഹ്‌റൈനിലെ പ്രമുഖ ഫോണ്‍ കമ്പനികളായ ബറ്റല്‍കോ, വിവ, സൈന്‍ എന്നിവ എസ്.എം.എസ് ആയും ഫോണ്‍ കോളായും സോഷ്യല്‍ മീഡിയവഴിയും ഇക്കാര്യം തങ്ങളുടെ ഉപഭോക്താക്കളെയെല്ലാം പലപ്രാവശ്യം ഓര്‍മ്മപ്പെടുത്തിയിരുന്നു.
താന്‍ ഉപയോഗിക്കുന്ന സിം സ്വന്തം പേരിലല്ലെങ്കില്‍ പോലും, ഏതെങ്കിലും 5 കോണ്ടാക്ട് നമ്പറും സ്വന്തം സിപിആറും നല്‍കി സിം രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിരുന്നു.
അതേ സമയം, ഫോണ്‍ സേവന ദാതാക്കളുടെ അറിയിപ്പ് പ്രവാസികളില്‍ പലരും ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ലെന്നും സിം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ ഇപ്പോഴും ഇവിടെ നിരവധിപേരുണ്ടെന്നും മനാമയിലെ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ സുപ്രഭാതത്തോട് പറഞ്ഞു. അത്തരക്കാര്‍ക്കെല്ലാം, സ്വന്തം ഫോണ്‍ നിശ്ചലമാകുമ്പോഴേ ഇതേ കുറിച്ച് ബോധമുണ്ടാകൂവെന്നും അധികൃതര്‍ കട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ, പ്രസ്തുത സിം ആക്ടീവ് ചെയ്‌തെടുക്കാന്‍ സാധിച്ചെന്നു വരില്ലെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
നേരത്തെ സമയപരിധി നീട്ടുന്നതിനു മുമ്പേ വിരലടയാളം നല്‍കാനായി വിവിധ ഔട്ട് ലെറ്റിലും മൊബൈല്‍ ഷോപ്പിലുമെത്തി ക്യൂ നിന്നവരില്‍ പലരും, സമയ പരിധി മൂന്നു മാസത്തേക്ക് കൂടി നീട്ടിയെന്നറിഞ്ഞതോടെയാണ് രജിസ്റ്ററേഷനില്‍ നിന്നും പിന്‍മാറിയത്.
എന്നാല്‍, പ്രസ്തുത സമയ പരിധിയാണ് ഞായറാഴ്ച തീരുന്നതെന്നും ഇനിയും അവര്‍ സമയം നീട്ടി നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വിരലടയാളം നല്‍കി സിം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വിവിധ ഔട്ട് ലെറ്റുകള്‍ക്കു പുറമെ കൂടുതല്‍ മൊബൈല്‍ ഷോപ്പുകളിലും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."