പാട്ടുകള്‍ പിറവികൊള്ളുന്നതില്‍ പാട്ടുകാര്‍ക്കും പങ്കുണ്ടെന്ന് കെ.എസ് ചിത്ര
കൊച്ചി: പാട്ടുകള്‍ പിറവികൊള്ളുന്നതില്‍ സംഗീത സംവിധായകര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം പാട്ടുപാടുന്നവര്‍ക്കും പങ്കുണ്ടെന്ന് ഗായിക കെ.എസ് ചിത്ര. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പാട്ടിന്റെ റോയല്‍റ്റി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തുല്യ അവകാശമില്ലെങ്കിലും പാട്ടുകാര്‍ക്കും ഇതില്‍ അവകാശം ഉന്നയിക്കാവുന്നതാണ്. ഇന്നു നടക്കുന്ന കെ.എസ് ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ് ഷോ 'ദി കാന്‍സെര്‍വ് സിംഫണി' യില്‍ സംഗീത സംവിധായകന്‍ ഇളയരാജ ഉള്‍പ്പെടെയുള്ളവരുടെ പാട്ടുകള്‍ പാടുമെന്നും അവര്‍ വ്യക്തമാക്കി.
ഗായിക ശ്രേയാ ഘോഷാല്‍ കേരളത്തിലെ ഗായകരുടെ അവസരം ഇല്ലാതാക്കുന്നു എന്ന രീതിയില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ല. ശ്രേയ മലയാള സിനിമയില്‍ കൂടുതലായി പാടുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ ഒന്നാന്തരം ഗായികയാണെന്നും അവര്‍ക്ക് അവസരം ലഭിക്കുന്നതില്‍ തെറ്റുപറയാനാകില്ലെന്നുമാണ് താന്‍ പറഞ്ഞത്.
നമ്മുടെ ഗായകര്‍ക്കും അവസരം നല്‍കേണ്ടതുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് തെറ്റിദ്ധാരണാ ജനകമായ വിവരങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
ചിത്രാജി അങ്ങനെ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രേയാ ഘോഷാല്‍ തന്നെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിത്ര ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."